എതിർപ്പുകൾ അവഗണിച്ച് കുട്ടികൾക്കുള്ള ഇൻസ്റ്റാഗ്രാം പതിപ്പ് പുറത്തിറക്കാൻ ഫേസ്ബുക്ക്

Wednesday 28 July 2021 2:23 PM IST

സിഡ്‌നി: 13 വയസിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി പ്രത്യേക ഇൻസ്റ്റാഗ്രാം പുറത്തിറക്കുന്നതിനെ കുറിച്ച് ഉടമകളായ ഫേസ്ബുക്ക് കുറച്ചു നാളുകളായി ആലോചനയിലാണ്. എന്നാൽ സാമൂഹിക മാദ്ധ്യമങ്ങളിൽ ഇതിനെതിരെ വളരെ ശക്തമായ എതിർപ്പുകൾ ഉടലെടുത്തതിനാൽ ഈ പദ്ധതി കുറച്ചു നാളുകളായി ഫേസ്ബുക്ക് നിർത്തിവച്ചിരിക്കുകയായിരുന്നു. എന്നാൽ കുട്ടികൾക്കുള്ള ഇൻസ്റ്റാഗ്രാം പുറത്തിറക്കുന്നതിനെ കുറിച്ചുള്ള നടപടികൾ വീണ്ടും ഫേസ്ബുക്ക് സജീവമാക്കുകയാണ്.

കുട്ടികൾക്ക് അവരവരുടെ പ്രായത്തിനനുസരിച്ചുള്ളതും രക്ഷിതാക്കൾക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന ഉള്ളടക്കമുള്ള ഇൻസ്റ്റാഗ്രാം പതിപ്പ് നൽകുന്നതാണ് ഈ സാഹചര്യത്തിൽ ഏറ്റവും ഉത്തമമെന്നു കരുതുന്നതായി ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് പവ്നി ദിവാൻജി പറഞ്ഞു. 13 വയസിൽ താഴെയുള്ള മിക്ക കുട്ടികളും ഇപ്പോൾ തെറ്റായ വിവരങ്ങൾ നൽകി ഇൻസ്റ്റാഗ്രാം മുതലായ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ഇങ്ങനെ കയറുന്നവർക്ക് മുതിർന്നവരെ ഉദ്ദേശിച്ചുള്ള പോസ്റ്റുകളായിരിക്കും ലഭിക്കുക എന്നും പവ്നി വ്യക്തമാക്കി. സാമൂഹിക മാദ്ധ്യമങ്ങളിൽ ഇങ്ങനെ കയറുന്ന കുട്ടികളെ ചൂഷണം ചെയ്യാനുള്ള സാഹചര്യം വളരെ കൂടുതലാണെന്നും അത് ഒഴിവാക്കാനുള്ള മാർഗം അവർക്ക് അനുയോജ്യമായ ഉള്ളടക്കങ്ങൾ നൽകുന്നതാണെന്നും പവ്നി അഭിപ്രായപ്പെട്ടു.

നിലവിൽ 13 വയസിനു താഴെയുള്ളവർക്ക് ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ ലോഗിൻ ചെയ്യാൻ സാധിക്കില്ല. എന്നാൽ ജനനതീയതി തെറ്റായി രേഖപ്പെടുത്തി പലരും ഇത്തരം സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Advertisement
Advertisement