അസാൻജിന്റെ പൗരത്വം റദ്ദാക്കി ഇക്വഡോർ
Thursday 29 July 2021 2:52 AM IST
ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് നൽകിയ പൗരത്വം ഇക്വഡോർ കോടതി പിൻവലിച്ചു. ബ്രിട്ടീഷ് തടവറയിൽ കഴിയുന്ന അസാൻജ് യഥാർത്ഥ രേഖകൾ മറച്ചുവച്ച് വ്യാജ തെളിവുകൾ നൽകിയെന്ന് ആരോപിച്ചാണ് നടപടി. ഒന്നിലേറെ ഒപ്പുകളും രേഖകളിലുണ്ടെന്നാണ് ഇക്വഡോർ സർക്കാരിന്റെ ഭാഷ്യം. എന്നാൽ, വിശദീകരണം നൽകാൻ അവസരം നൽകാതെയാണ് നടപടിയെന്ന് അസാൻജിന്റെ അഭിഭാഷകൻ കാർലോസ് പൊവീദ പറഞ്ഞു.
ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയ അസാൻജിന് 2018ലാണ് പൗരത്വം നൽകിയത്.
അമേരിക്കയിൽ അസാൻജിനെതിരെ 17 ചാരവൃത്തി കേസുകളുണ്ട്. സൈനിക, നയതന്ത്ര രഹസ്യങ്ങൾ ചോർത്താൻ കമ്പ്യൂട്ടർ ദുരുപയോഗം ചെയ്തതിന് വേറെയും കേസുണ്ട്. 175 വർഷം വരെ തടവു ശിക്ഷ ലഭിച്ചേക്കാം.
പൗരത്വം റദ്ദാക്കപ്പെട്ടതോടെ അസാൻജിനെ അമേരിക്കയ്ക്ക് വിചാരണക്കായി കൈമാറിയേക്കും.