എൻ.എസ്.ഒ വിവാദം: ചർച്ചയ്ക്കൊരുങ്ങി ഫ്രാൻസും ഇസ്രയേലും
ടെൽ അവീവ്: ഇസ്രയേൽ സ്പൈവെയർ കമ്പനിയായ എൻ.എസ്.ഒയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഈയാഴ്ച ഫ്രഞ്ച് പ്രതിരോധ മന്ത്രിയായ ഫ്ലോറൻസ് പാർലിയുമായി സംഭാഷണത്തിലേർപ്പെടുമെന്ന്അറിയിച്ച് ഇസ്രയേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ്. ഇന്നലെ അദ്ദേഹം പാരിസിലേക്ക് യാത്ര തിരിച്ചു
ആണവ വിഷയവും ലബനൻ പ്രതിസന്ധിയുമാണ് പ്രധാനമായും ചർച്ച ചെയ്യുക എന്നാണ് ഇസ്രയേൽ അറിയിച്ചിട്ടുള്ളത്. അതേസമയം, ഇസ്രയേലിന്റെ ചാര സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെയും രാജ്യത്തെ മറ്റു പ്രമുഖരുടെയും ഫോൺ വിവരങ്ങൾ ചോർത്തുന്നു എന്ന് കഴിഞ്ഞ ദിവസം ഫ്രഞ്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ചോർത്തലിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി മാക്രോൺ അടിയന്തര യോഗം ചേർന്നിരുന്നു. എന്നാൽ, സർക്കാർ സ്ഥാപനങ്ങൾക്ക് മാത്രമായി നിയമപരമായ ഉപയോഗത്തിനാണ് ചാര സോഫ്റ്റ്വെയറുകൾ നൽകുന്നതെന്നാണ് ഇസ്രയേൽ പറയുന്നത്.