പേമാരിയും വെള്ളപ്പൊക്കവും, ഹിമാചൽ പ്രദേശിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി, നിരവധി പേരെ കാണാതായി
ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ ചില ഭാഗങ്ങളിൽ പൊടുന്നനെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. ഏഴുപേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്തെ ലാഹൗൾ, സ്പിതി ജില്ലകളിലായി ഏഴ് പേരും ചമ്പയിൽ രണ്ട് പേരും മരിച്ചുവെന്നാണ് അധികൃതർ പറയുന്നത്. കുളു ജില്ലയിൽ ഡൽഹിയിൽ നിന്നുള്ള വിനോദ സഞ്ചാരി ഉൾപ്പടെ നാലുപേരെ കാണാതായി. ലാഹൗൾ, സ്പിതി ജില്ലകളിൽ നിന്നാണ് മറ്റുള്ളവരെ കാണാതായത്. മണ്ണിനടിയിൽ കുടുങ്ങിയെന്ന് കരുതുന്ന ഇവർക്കായി തിരച്ചിൽ തുടരുകയാണ്. കൂടുതൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. ഭാഗാ നദിയുടെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
നിരവധി വീടുകളും വാഹനങ്ങളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. പാലങ്ങളും റോഡുകളും തകർന്നിട്ടുണ്ട്. മനാലി-ലേ ഹൈവേയിലും ഗ്രാംഫു-കാസ ഹൈവേയിലും ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. കോടികളുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. യമുനാ നദിയിലെ ജലനിരപ്പ് ഉയർന്നതിനാൽ സമീപ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ആവശ്യമെങ്കിൽ മാറ്റിപാർപ്പിക്കും. മേഘ വിസ്ഫോടനമാണ് പൊടുന്നനെ ഉള്ള മഴയ്ക്കും വെള്ളപ്പൊക്കത്തിനും ഇടയാക്കിയതെന്നാണ് കരുതുന്നത്.