അമർനാഥ് തീർത്ഥാടന കേന്ദ്രത്തിന് സമീപം മേഘവിസ്ഫോടനം, ജാഗ്രതാ നിർദേശം
Wednesday 28 July 2021 9:20 PM IST
ശ്രീനഗർ: കാശ്മീരിൽ അമർനാഥ് തീർത്ഥാടന കേന്ദ്രത്തിന് സമീപം മേഘവിസ്ഫോടനത്തെത്തുടർന്ന് ശക്തമായ ജലപ്രവാഹം. ആളപായമുള്ളതായി റിപ്പോർട്ടില്ല. സ്ഥലത്ത് തിരച്ചിൽ നടത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെത്തുടർന്ന് അമർനാഥ് തീർത്ഥാടനം ഉപേക്ഷിച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്. തീർത്ഥാടനം ജൂണ്‍ 28ന് ആരംഭിച്ച് ആഗസ്റ്റ് 22 വരെ തുടരേണ്ടതായിരുന്നു.
മേഘവിസ്ഫോടന സമയത്ത് സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പടെ വളരെക്കുറച്ചുപേർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. കനത്ത മഴയും കാറ്റും കാരണം സിന്ധ് നദീതീരത്ത് താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതർ നിര്‍ദേശം നൽകിയിട്ടുണ്ട്. നദിയിലെ ജലനിരപ്പ് ഉയരാനുള്ള സാദ്ധ്യത പരിഗണിച്ചാണ് നിർദ്ദേശം നൽകിയത്.