വി.ശിവൻകുട്ടി രാജിവയ്ക്കണം: കെ.സുരേന്ദ്രൻ

Thursday 29 July 2021 12:38 AM IST

ന്യൂഡൽഹി: നിയമസഭ കൈയാങ്കളിക്കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി വി. ശിവൻകുട്ടി ഉടൻ രാജി വയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ജാമ്യം ലഭിക്കാത്ത ഗുരുതരമായ കേസിൽ വിചാരണ നേരിടുന്ന അദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ ധാർമ്മികമായും നിയമപരമായും അവകാശമില്ല. ഇ.പി. ജയരാജൻ തന്റെ പേരിലുള്ള കേസ് കോടതിയിൽ എത്തുന്നതിന് മുമ്പ് രാജി വച്ചിരുന്നു. മന്ത്രി സ്വമേധയാ രാജിവച്ചില്ലെങ്കിൽ മുഖ്യമന്ത്രി ആവശ്യപ്പെടണം. പൊതുമുതൽ നശിപ്പിച്ച കേസ് സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്ത് നടത്തുന്നത് അംഗീകരിക്കാനാവില്ല.

കൊവിഡിനെ നേരിടുന്നതിൽ കേരളം പൂർണമായും പരാജയപ്പെട്ടു. വാക്സിൻ മുൻഗണനാക്രമം അട്ടിമറിച്ച് രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ അനർഹർക്ക് വാക്‌സിൻ നൽകുകയും ഭീതി പരത്തുകയുമാണ്. ആരോഗ്യമന്ത്രി വീണാ ജോർജ് സമ്പൂർണ്ണ പരാജയമാണെന്നും സുരേന്ദ്രൻ പറഞ്ഞു.