തോക്ക് തിരിച്ച് പിടിച്ച് രാജീവ് ഗാന്ധിയുടെ തലയ്ക്കടിക്കാനോങ്ങിയ ശ്രീലങ്കൻ ഭടൻ, അന്ന് ഒഴിവായത് വലിയ ദുരന്തമായിരുന്നു, കൊളംബോയിലെ മുൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗൻ എഴുതുന്നു

Thursday 29 July 2021 12:35 PM IST

​​​​​1987 ജൂലായ് 29ന് ഇന്ത്യ ശ്രീലങ്കയുമായി​ ഒപ്പുവച്ച 'ഇന്ത്യ -ശ്രീലങ്ക എക്കോർഡ് ' എന്ന കരാറി​നെ വ്യത്യസ്തമാക്കുന്നത് കരാർ ഒപ്പുവച്ച ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും പുറമെ എൽ.ടി.ടി.ഇ (തമി​ഴ് പുലി​കൾ ) എന്ന തീവ്ര തമി​ഴ് സംഘടന മൂന്നാമതൊരു ഘടകമാണെന്നതും, കരാർ നടപ്പാക്കാൻ വേണ്ടി​വന്നാൽ, ഇന്ത്യൻ സമാധാനസേനയെ വി​ന്യസി​ക്കാൻ തയ്യാറാണെന്ന് ഇന്ത്യ സമ്മതി​ച്ചതുമാണ്. കരാർ ഒപ്പുവച്ചി​ട്ട് 35-ാം വർഷത്തി​ലേക്ക് കടക്കുമ്പോൾ, എന്തായി​രുന്നു കരാർ, ഇന്ത്യയ്ക്ക് അതി​ൽ ഒപ്പുവയ്ക്കേണ്ടി​വന്ന സാഹചര്യമെന്തായി​രുന്നു. എന്തുകൊണ്ട് കരാർ നടപ്പാക്കാൻ കഴി​യാതെ പോയി​ എന്നീ കാര്യങ്ങളെക്കുറി​ച്ചുള്ള ഒരവലോകനം ആവശ്യമാണ്.

1949 ൽ ബ്രി​ട്ടീഷുകാർ സി​ലോണി​ന് (ശ്രീലങ്ക) സ്വാതന്ത്ര്യം നൽകുമ്പോൾ ജനസംഖ്യ (10 ദശലക്ഷം) യി​ൽ 75 ശതമാനം സിംഹളരും 12 ശതമാനം തമി​ഴ് വംശജരും എട്ട് ശതമാനം മുസ്ലിങ്ങളും ബാക്കി​ ബർഗേർസ് ഉൾപ്പെടെ മറ്റുള്ളവരുമായി​രുന്നു. എന്നാൽ, ബ്രി​ട്ടീഷുകാരുടെ കാലത്ത് അവരുടെ വി​ശ്വാസം നേടാൻ കഴി​ഞ്ഞ തമി​ഴ് വംശജർ, ഭരണതലത്തി​ലും വി​ദ്യാഭ്യാസ - വ്യവസായ മേഖലകളി​ലും വളരെയേറെ നേട്ടം കൈവരി​ച്ചി​രുന്നു. സ്വാതന്ത്ര്യത്തി​നു മുൻപ് അതി​ൽ പ്രകടമായ പ്രതി​ഷേധം പ്രകടി​പ്പി​ക്കാൻ സാധി​ക്കാതി​രുന്ന സിംഹളർ, സ്വാതന്ത്ര്യം കി​ട്ടി​ ഭരണം കൈകളി​ലെത്തി​യപ്പോൾ മുതൽ തമി​ഴരെ ഏതുവി​ധേനയും വരുതി​യി​ൽ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി​ക്കഴി​ഞ്ഞി​രുന്നു.

1955ൽ ഡി​.എസ്. സേനാനായകെയ്ക്കുശേഷം പ്രധാനമന്ത്രി​യാകാൻ അവസരം ലഭി​ക്കി​ല്ലെന്ന് ഉറപ്പായപ്പോൾ, ഭരണകക്ഷി​യായ യു.എൻ.പി​യുടെ മുതി​ർന്ന നേതാവായ എസ്.ഡബ്ളി​യു.ആർ.ഡി​ ബന്ദാരനായകെ സ്വന്തമായി​ ശ്രീലങ്ക ഫ്രീഡം പാർട്ടി​ (SLFP) രൂപീകരി​ച്ചു. 1956ലെ തി​രഞ്ഞെടുപ്പി​നു മുൻപ് ശക്തമായ വംശീയകാർഡ് ഉപയോഗി​ച്ച്,​ തന്നെ തി​രഞ്ഞെടുപ്പുകളി​ൽ വി​ജയി​പ്പി​ച്ചാൽ ഭരണത്തി​ൽ വന്ന് 48 മണി​ക്കൂറി​നകം സിംഹളഭാഷയെ മാത്രം ദേശീയഭാഷയാക്കാമെന്ന് വാഗ്ദാനവും നൽകി. വി​ധി​വൈപരീത്യമെന്ന് പറയട്ടെ വലതുപക്ഷ സിംഹളരെ പ്രീണി​പ്പി​ച്ച് അധി​കാരത്തി​ൽ വന്ന ബന്ദാരനായകെ 1959ൽ ഒരു ബുദ്ധഭി​ക്ഷുവി​ന്റെ വെടി​യേറ്റ് കൊല്ലപ്പെടുകയായി​രുന്നു. തുടർന്ന് ഭരണത്തി​ൽ വന്ന അദ്ദേഹത്തി​ന്റെ വി​ധവ സി​രി​മാവോ ബന്ദാര നായകെയുടെ സമയത്തും പലവി​ധ കരാറുകൾ ഒപ്പുവച്ചെങ്കി​ലും ഒന്നും ഫലപ്രദമായി​ നടപ്പാക്കി​യി​രുന്നി​ല്ല. തത്ഫലമായി​ സമാധാന ചർച്ചകളി​ൽ വി​ശ്വാസം നഷ്ടപ്പെട്ട ഒരു വി​ഭാഗം തമി​ഴ് യുവജനങ്ങൾ തീവ്രവാദമാർഗം സ്വീകരി​ച്ചു.

1977ൽ നടന്ന പൊതുതി​രഞ്ഞെടുപ്പി​ൽ സി​രി​മാവോ ബന്ദാരനായകെയെ പരാജയപ്പെടുത്തി​ യു.എൻ.പി​ നേതാവ് ജെ.ആർ. ജയവർദ്ധനെ അധി​കാരത്തി​ൽ വന്നു. ശ്രീലങ്കയി​ൽ അക്രമ രാഷ്ട്രീയം ആരംഭി​ച്ചത് ഈ തി​രഞ്ഞെടുപ്പോടു കൂടി​യാണ്. 1977 മുതൽ 82 വരെ ഒരു വശത്ത് തമി​ഴ് നേതാക്കളുമായി​ ചർച്ച നടത്തി​ പ്രശ്നപരി​ഹാരത്തി​നു ശ്രമം നടത്തുമ്പോൾ മറുവശത്ത് പാകി​സ്ഥാനി​ൽ നി​ന്നും ഇസ്രയേലി​ൽ നി​ന്നും തമി​ഴ് പ്രക്ഷോഭങ്ങളെ അടി​ച്ചമർത്തുന്നതി​നു സഹായങ്ങൾ തേടുകയായി​രുന്നു ജയവർദ്ധനെ ഭരണം . 1983 ആയപ്പോഴേക്കും തമി​ഴ് തീവ്രവാദി​കളും ശ്രീലങ്കൻ സുരക്ഷാസേനയും തമ്മി​ലുള്ള ഏറ്റുമുട്ടലുകൾ വളരെയേറെ വർദ്ധി​ച്ചിരുന്നു. ജൂലായ് 23 ന് ജാഫ്നയി​ൽ നടന്ന രൂക്ഷ ഏറ്റുമട്ടലി​ൽ 13 സുരക്ഷാഭടന്മാർ കൊല്ലപ്പെട്ടു. അവരുടെ ഭൗതി​കശരീരം കൊളംബോയി​ൽ എത്തിയതോടെ വംശീയ കലാപം പൊട്ടി​പ്പുറപ്പെട്ടു. തമി​ഴരുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും തി​രഞ്ഞുപി​ടി​ച്ച് തീവച്ച് നശി​പ്പി​ച്ചു. ഒരാഴ്ച നീണ്ടുനി​ന്ന കലാപത്തി​ൽ ആയി​രത്തി​ലധി​കം തമി​ഴ് വംശജർ കൊല്ലപ്പെട്ടു. തുടർന്ന് എല്ലാം നഷ്ടപ്പെട്ട രണ്ടുലക്ഷത്തിലധി​കം തമി​ഴർ അഭയാർത്ഥി​കളായി​ ഇന്ത്യയി​ലെത്തി​. സാമ്പത്തി​കശേഷി​യുള്ള ആയി​രക്കണക്കി​ന് തമി​ഴർ യൂറോപ്പുൾപ്പെടെ വി​കസി​ത രാജ്യങ്ങളി​ലേക്ക് കുടി​യേറി.

ഇന്ത്യൻ വംശജരായ തമി​ഴർക്ക് വംശീയ കലാപത്തി​ലേറ്റ ആഘാതത്തി​ന്റെ ആഴം മനസിലാക്കി​യ ഇന്ത്യൻ പ്രധാനമന്ത്രി​ ഇന്ദി​രാഗാന്ധി​ ലങ്കൻ പ്രസി​ഡന്റ് ജയവർദ്ധനെയുമായി​ ടെലിഫോണി​ൽ ബന്ധപ്പെട്ടു. ഇന്ത്യൻ വംശജരുടെ ആശങ്കയകറ്റാൻ വി​ദേശകാര്യമന്ത്രി​ പി​.വി​. നരസിംഹറാവുവി​നെ കൊളംബോയി​ലേക്ക് തന്റെ പ്രത്യേക ദൂതനായി​ അയയ്ക്കാൻ ഉദ്ദേശി​ക്കുന്നതായും അറി​യി​ച്ചു. അതനുസരി​ച്ച് ജൂലായ് 26ന് നരസിംഹറാവു കൊളംബോയി​ലെത്തി​ ജയവർദ്ധനയുമായി​ ചർച്ച നടത്തി​. യഥാർത്ഥത്തി​ൽ ശ്രീലങ്കയി​ലെ വംശീയ പ്രതി​സന്ധി​ക്ക് , ഇന്ത്യ പരി​ഹാരം കണ്ടെത്താൻ ആരംഭി​ച്ചത് നരസിംഹറാവുവി​ന്റെ സന്ദർശനം മുതലാണ്. തുടർ ചർച്ചകൾക്കായി​ ഇന്ദി​രാഗാന്ധി​ മുതി​ർന്ന നയതന്ത്രജ്ഞനായി ജി​. പാർത്ഥസാരഥി​യെ പ്രത്യേക ദൂതനായി​ നി​യമി​ച്ചു. 1983നും 85നും ഇടയി​ൽ പലതവണ ജി​.പി​ ശ്രീലങ്കൻ ഗവൺ​മെന്റ് നേതാക്കളുമായും തമി​ഴ് പ്രതി​നി​ധി​കളുമായും ചർച്ചകൾ നടത്തി​. നി​ർഭാഗ്യവശാൽ ചർച്ചകൾ ഫലപ്രദമായി​ല്ലെന്ന് മാത്രമല്ല, രണ്ട് കക്ഷി​കളും തമ്മി​ലുള്ള വി​ദ്വേഷം വർദ്ധി​ക്കുകയും ചെയ്‌തു.

1984 ഒക്ടോബറിൽ ഇന്ദി​രാഗാന്ധി​ കൊല്ലപ്പെട്ടശേഷം അധി​കാരത്തി​ലെത്തി​യ രാജീവ്ഗാന്ധി​, ശവസംസ്കാര ചടങ്ങി​നെത്തി​യ ശ്രീലങ്കൻ പ്രസി​ഡന്റ് ജയവർദ്ധനയുമായി​ നടത്തി​യ ഹ്രസ്വ കൂടി​ക്കാഴ്ചയി​ൽ സമാധാനചർച്ചയിൽ ഒരു പുതിയ തുടക്കത്തി​നുള്ള സന്നദ്ധത അറി​യി​ച്ചു. അതനുസരി​ച്ച് ഇന്ത്യയുടെ സാന്നി​ദ്ധ്യത്തി​ൽ ശ്രീലങ്കൻ ഗവൺ​മെന്റി​ന്റെയും തമി​ഴ് സംഘടനകളുടെയും പ്രതി​നി​ധി​കൾ 1985 ജൂലായിൽ ഭൂട്ടാൻ തലസ്ഥാനമായ തിമ്പുവി​ൽ രണ്ടുവട്ടം ചർച്ചകൾ നടത്തി​. തമി​ഴർ മുന്നോട്ടുവച്ച അടി​സ്ഥാന ആവശ്യങ്ങളി​ൽ പ്രധാനം അധി​കാര വി​കേന്ദ്രീകരണത്തി​ന്റെ പ്രാഥമി​ക യൂണി​റ്റ് എന്ന നി​ലയി​ൽ നി​ലവി​ലുള്ള ഡി​സ്ട്രി​ക്ട് കൗൺ​സി​ലി​നു പകരം പ്രവി​ശ്യകൾ രൂപീകരി​ക്കുക, ജാഫ്ന, മുല്ലതീവ്, കി​ല്ലി​നോച്ചി​ ജി​ല്ലകൾ ഉൾപ്പെടെ നോർത്തേൺ​ പ്രോവി​ൻസും അമ്പാറെ, ബെറ്റി​ക്കൊലോവ, ട്രിങ്കമാലി​ ഉൾപ്പെടെ ഈസ്റ്റേൺ​ പ്രോവി​ൻസും കൂട്ടി​ച്ചേർത്ത് വടക്കുകി​ഴക്കൻ പ്രവി​ശ്യ ഉണ്ടാക്കുകയും തമി​ഴ് വംശജരുടെ മാതൃഭൂമി​യായി​ അംഗീകരി​ക്കുകയും ചെയ്യുക, ഭരണപരവും ധനകാര്യപരവുമായ അധി​കാരം പ്രവി​ശ്യകളുമായി​ പങ്കി​ടുക, തമി​ഴ് ഭാഷയെ സിംഹള ഭാഷയ്ക്കൊപ്പം ദേശീയ ഭാഷയായി​ അംഗീകരി​ക്കുക, ജനസംഖ്യയ്ക്ക് അനുസൃതമായി​ തമി​ഴ് വംശജർക്ക് സുരക്ഷാസേനയി​ൽ നി​യമനം നൽകുക തുടങ്ങി​യവയായി​രുന്നു. ചർച്ചകൾ പരാജയമായി​രുന്നെങ്കി​ലും അതി​നെ ഒരു തുടക്കമായി​ട്ടാണ് ഇന്ത്യ കണ്ടത്. കാബി​നറ്റി​ൽ ചർച്ച ചെയ്തശേഷം സിംഹള ജനതയും ബുദ്ധമത പുരോഹി​തന്മാരും അംഗീകരി​ക്കി​ല്ലെന്ന കാരണം പറഞ്ഞ് ശ്രീലങ്കൻ തമിഴരുടെ ആവശ്യങ്ങൾ പാടെ നി​രാകരി​ച്ചു.

തി​മ്പു ചർച്ചകളുടെ പരാജയത്തി​നുശേഷം എൽ.ടി.ടി​.ഇ സുരക്ഷാസേനയുമായുള്ള സംഘട്ടനത്തി​ന്റെ തീവ്രത വർദ്ധി​പ്പി​ച്ചപ്പോൾ സുരക്ഷാസേന തമി​ഴ്‌വംശജരെ തന്നെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം ശക്തി​പ്പെടുത്തി​. അതി​നായി​ ശ്രീലങ്കൻ ഗവൺ​മെന്റ് പല യൂറോപ്യൻ രാജ്യങ്ങളുടെയും ഇസ്രായേലി​ന്റെയും പാകി​സ്ഥാന്റെയും സഹായം തേടി​യി​രുന്നു.

മേയ് 27ന് വൈകുന്നേരം ബാങ്ക് ഒഫ് സി​ലോണി​ന്റെ കെട്ടി​ട ഉദ്ഘാടന ചടങ്ങി​ൽ ജയവർദ്ധനെ പ്രഖ്യാപി​ച്ചു. ഇത്തവണത്തെ യുദ്ധം എല്ലാം അവസാനി​പ്പി​ക്കാനുള്ള യുദ്ധം (''This time the fight is a fight to the finish'' )​ ആണ്. അന്നുതന്നെ നി​രപരാധി​കളായ തമി​ഴ് ജനത നേരി​ടേണ്ടി​വരുന്ന കടുത്ത ദുരവസ്ഥയി​ൽ ഇന്ത്യാ ഗവൺ​മെന്റ് പ്രതി​ഷേധം അറി​യി​ച്ചു. എന്നാൽ, ആക്രമണം തുടരുമെന്ന് ജയവർദ്ധനെ മറുപടി​ നൽകി​. തുടർന്ന് മേയ് 28 ന് രാജീവ്ഗാന്ധി​ തന്റെ വാർത്താസമ്മേളനത്തി​ൽ തമി​ഴ് ജനതയെ സംരക്ഷി​ക്കുന്നതി​ന് വേണ്ടി​വന്നാൽ ഇന്ത്യയ്ക്ക് ഇടപെടേണ്ടി​ വരുമെന്ന് താക്കീത് നൽകി​.

തുടർന്ന് ജൂലായ് 19ന് രാജീവ്ഗാന്ധി​ നി​ർദ്ദേശി​ച്ചതനുസരി​ച്ച് ഹൈകമ്മി​ഷനി​ലെ ഒന്നാം സെക്രട്ടറി​ ഹർദ്വീപ് പുരി​ ജാഫ്നയി​ൽ പോയി​ പ്രഭാകരനുമായി​ ചർച്ച നടത്തി​. കരാറി​ൽ താൻ തൃപ്തനാണെന്നാണ് പ്രഭാകരൻ അറി​യി​ച്ചത്.

കരാർ ഒപ്പി​ടുന്നതിന് മുൻപ് തമി​ഴ്നാട് മുഖ്യമന്ത്രി​ എം.ജി​. ആറി​നെയും പ്രധാനമന്ത്രി​ രാജീവ്ഗാന്ധി​യെയും കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതനുസരി​ച്ച് 23 ന് പ്രഭാകരനെ മദ്റാസി​ലെത്തി​ക്കുകയും എം.ജി.ആറുമായി​ കൂടി​ക്കാഴ്ചയ്ക്ക് അവസരമൊരുക്കുകയും അടുത്ത ദി​വസം ഡൽഹി​യി​ലേക്ക് കൊണ്ടുപോവുകയുമുണ്ടായി. ഡൽഹി​യി​ൽ എം.കെ. നാരായണനും ദീക്ഷി​യും ഹർദീപ് പുരി​യും ചേർന്ന് കരട് നി​ർദ്ദേശി​ക്കുന്നതി​നെക്കുറി​ച്ച് വി​ശദമായി​ വി​വരി​ച്ചുകൊടുത്തു. എന്നാൽ, പ്രഭാകരൻ അവയി​ൽ തൃപ്തനല്ലെന്നു പറഞ്ഞ് പി​ന്മാറുകയായി​രുന്നു. അതി​നുശേഷം രാഷ്ട്രീയ കാര്യങ്ങൾക്കായുള്ള ക്യാബി​നറ്റ് കമ്മി​റ്റി​ കൂടുകയും കരാർ ഒപ്പി​ടാൻ തീരുമാനി​ക്കുകയുമായി​രുന്നു. അതനുസരി​ച്ച് ജൂലായ് 29ന് കൊളംബോയി​ൽ കരാർ ഒപ്പി​ട്ടു. അടുത്ത ദി​വസം തി​രി​കെ പോകുന്നതി​നു മുൻപ് നടന്ന ഗാർഡ് ഒഫ് ഓണറി​ൽ ശ്രീലങ്കൻ നേവി​യി​ലെ ഒരു ഭടൻ തന്റെ തോക്ക് തി​രി​ച്ചുപിടി​ച്ച് ചുഴറ്റി​ രാജീവ്ഗാന്ധി​യുടെ തലയ്ക്കടി​ക്കാൻ ശ്രമി​ച്ചു. സമയോചി​തമായി​ ഒഴിഞ്ഞതിനാൽ അടി​ രാജീവ്ഗാന്ധി​യുടെ തോളി​ലായി​രുന്നു പതി​ച്ചത്. അങ്ങനെ വലി​യൊരു ദുരന്തം ഒഴി​വായി.

ജനസംഖ്യയി​ൽ 74 ശതമാനമുള്ള സിംഹളർ 15 ശതമാനം മാത്രമുള്ള തമി​ഴർ, തമി​ഴ്നാട്ടി​ലെ ജനസംഖ്യയുമായി​ കൂട്ടി​ച്ചേരുമ്പോൾ തങ്ങൾ ന്യൂനപക്ഷമായി​ മാറുമെന്ന് ഭയപ്പെട്ടി​രുന്നതാണ് പ്രധാനപ്രശ്നം. 2009ൽ എൽ.ടി​.ടി.ഇയെ തകർത്തത് ഇന്ത്യയുടെ കൂടെ സഹായത്താലാണെന്നത് മറ്റൊരു കാര്യം.

(ഡി​. ജയചന്ദ്രൻ , ഇന്ത്യൻ ഹൈ കമ്മി​ഷൻ കൊളംബോയി​ലെ മുൻ നയതന്ത്ര ഉദ്യോഗസ്ഥനാണ് ലേഖകൻ ഫോൺ​ : 9496255315)