ആകാശത്തിനപ്പുറം റഷ്യയുടെ ബഹിരാകാശ ' നൗക "

Thursday 29 July 2021 2:12 PM IST

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് റഷ്യ നൗക എന്ന ബഹിരാകാശ ലബോറട്ടറി മൊഡ്യൂളിനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ( International Space Station ) വിക്ഷേപിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ റഷ്യയുടെ പ്രധാന ഗവേഷണ കേന്ദ്രമായി പ്രവർത്തിക്കാൻ പോകുന്ന നൗക യു.എസിന്റെ നാസ, ജപ്പാന്റെ ജാക്സ, കാനഡയുടെ സിഎസ്എ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവയുടെ സഹകരണത്തോട് കൂടിയുമാണ് വിക്ഷേപിച്ചിരിക്കുന്നത്. ഇന്നോ നാളെയോ നൗക അന്താരാഷ്ട്ര ബഹിരാകാശ നിലയത്തോട് കൂട്ടിച്ചേർക്കപ്പെടും. ബഹിരാകാശ വാഹനങ്ങൾക്കായുള്ള ഡോക്കിംഗ് പോർട്ടായും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ബഹിരാകാശ സഞ്ചാരികൾക്ക് പുറത്തേക്ക് കടക്കാനുള്ള വാതിലായും നൗക ഭാവിയിൽ പ്രവർത്തിക്കും.

 നൗക ( മൾട്ടിപർപ്പസ് ലബോറട്ടറി മൊഡ്യൂൾ )

നിർമ്മാതാക്കൾ - റോസ്കോസ്മോസ് ( റഷ്യയുടെ ബഹിരാകാശ ഏജൻസി )

നീളം 42 അടി

ഭാരം - 20 ടൺ

വിക്ഷേപണം നടന്നത് - ജൂലായ് 21

വിക്ഷേപണ സ്ഥലം - കസഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോ‌ഡ്രോം

വിക്ഷേപിച്ചത് - പ്രോട്ടോൺ - M. ബഹിരാകാശ പദ്ധതിയ്ക്കായി റഷ്യ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തിയേറിയ പ്രോട്ടോൺ റോക്കറ്റാണിത്.

പ്രത്യേകതകൾ

 ' നൗക" ( Nauka ) എന്ന റഷ്യൻ വാക്കിന്റെ അർത്ഥം - ' ശാസ്ത്രം ".

 2007ലായിരുന്നു നൗക വിക്ഷേപിക്കേണ്ടിയിരുന്നത്. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ വിക്ഷേപണം നീളുകയായിരുന്നു.

 റഷ്യ ഇതുവരെ വിക്ഷേപിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പര്യവേഷണം.

 റഷ്യയുടെ ഏറ്റവും വലിയ ബഹിരാകാശ പരീക്ഷണശാല.

 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശ സഞ്ചാരികൾക്കായി ഓക്സിജൻ ജനറേറ്റർ, യൂറോപ്യൻ സ്പേസ് ഏജൻസി നിർമ്മിച്ച റോബോട്ടിക് കാർഗോ ക്രെയിൻ, ഒരു കിടക്ക, ഒരു ടോയ്‌ലറ്റ് എന്നിവ വഹിക്കുന്നു.

 അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ സ്വെസ്ദാ മൊഡ്യൂളിലേക്ക് നൗകയെ ഘടിപ്പിക്കും.
 റഷ്യയുടെ തന്നെ മോഡ്യൂളായ പിർസ് ( Pirs ) ആണ് ഈ ഭാഗത്ത് ഇതിന് മുന്നേ ഘടിപ്പിച്ചിരുന്നത്. 2001ലായിരുന്നു പിർസിന്റെ വിക്ഷേപണം. ഇകഴിഞ്ഞ 26ന് പിർസിനെ വേർപെടുത്തിയിരുന്നു. പിർസിനേക്കാൾ വലുതാണ് നൗക.

 ബഹിരാകാശ നിലയത്തിന് ആവശ്യമായ ലൈവ് സപ്പോർട്ടിംഗ് സംവിധാനം നൗക വഴി ലഭ്യമാകും.

 നൗകയെ പൂർണമായും ബഹിരാകാശ നിലയവുമായി ഘടിപ്പിക്കാൻ കുറഞ്ഞത് ഏഴ് മാസമെങ്കിലും സമയമെടുക്കും.