ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദി ആഘോഷ വേളയിൽ, ചൈനീസ് എംബസിയുടെ പരിപാടിയിൽ പങ്കെടുത്ത് ഇടത് നേതാക്കൾ

Thursday 29 July 2021 2:40 PM IST


ന്യൂഡൽഹി : ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സി പി സി) ശതാബ്ദി ആഘോഷിക്കുന്നതിനായി ചൈനീസ് എംബസി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഇടത് നേതാക്കൾ. എംബസി ഓൺലൈനായി നടത്തിയ പരിപാടിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതാവ് സീതാറാം യെച്യൂരി, കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യയുടെ നേതാവ് ഡി രാജ തുടങ്ങിയവർപങ്കെടുത്തു. ഈ നേതാക്കളെ കൂടാതെ ലോക്സഭാ എംപി എസ് സെന്തിൽകുമാർ, ഫോർവേഡ് ബ്ലോക്കിന്റെ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജി ദേവരാജൻ, സി പി സി ഇന്റർനാഷണൽ ഡിപ്പാർട്ട്‌മെന്റ് കൗൺസിലർ ഡു സിയാവോലിൻ എന്നിവരും വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ പങ്കെടുത്തു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദി ഈ മാസം ആദ്യം ടിയാനൻമെൻ സ്‌ക്വയറിൽ വർണ്ണാഭമായ ചടങ്ങുകളോടെയാണ് ചൈന ആഘോഷിച്ചത്. കഴിഞ്ഞ വർഷം ഗൽവാനിൽ നടന്ന ഏറ്റുമുട്ടലിന് ശേഷം ചൈനയുമായി ഇടത് നേതാക്കൾ അടുക്കുന്നതിനെതിരെ വിമർശനങ്ങളും പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഗൽവാൻ സംഭവത്തിന് ശേഷം ഇരു രാജ്യങ്ങൾ തമ്മിൽ പല തവണ സമാധാന ചർച്ചകൾ നടത്തിയെങ്കിലും അതിർത്തിയിൽ ഇപ്പോഴും യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

Advertisement
Advertisement