വ്യാജ അഭിഭാഷക സെസി സേവ്യർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ, പിടിയിലാകാതെ സംരക്ഷിക്കുന്നത് ഉന്നതർ

Thursday 29 July 2021 2:44 PM IST

കൊച്ചി: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യര്‍ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. സെസിയുടെ ഹർജി ഉടൻ പരിഗണിച്ചേക്കും. തനിക്കെതിരെ ചുമത്തിയ വഞ്ചനാ കുറ്റമടക്കമുള്ളവ നിലനിൽക്കില്ലെന്നാണ് സെസി ജാമ്യാപേക്ഷയിൽ പറയുന്നത്. നേരത്തേ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സെസി ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ജാമ്യം കിട്ടില്ലെന്നന്ന് ഉറപ്പായതോടെ ആരുടെയും കണ്ണിൽ പെടാതെ രക്ഷപ്പെടുകയായിരുന്നു.

സെസിയുടെ പേരിൽ ആൾമാറാട്ട കുറ്റമുൾപ്പടെ ചുമത്തിയതിനാൽ കേസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കൈമാറുകയായിരുന്നു. ജാമ്യം കിട്ടുമെന്ന് വിശ്വസിച്ച് കോടതിയിൽ എത്തിയ സെസി ഇതോടെയാണ് കോടതിയുടെ പിന്നിലൂടെ മുങ്ങിയത്. ഇതിന് പൊലീസിന്റെയും ചില അഭിഭാഷകരുടെയും സഹായം ഉണ്ടായിരുന്നു എന്ന് ആരോപണം ഉയർന്നിരുന്നു.

സെസിയെ പിടികൂടാൻ പൊലീസിന് താൽപ്പര്യമില്ലെന്നും ആരോപണമുയർന്നു. ചേർത്തലയിൽ ഉൾപ്പടെ പല സ്ഥലങ്ങളിലും സെസിയെ കണ്ടതായി പലരും പറഞ്ഞിരുന്നെങ്കിലും ഇവർ എവിടെയുണ്ടെന്നതിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ് പൊലീസ് പറയുന്നത്.

യോഗ്യതയില്ലാത്ത സെസി രണ്ടുവർഷത്തോളമാണ് കോടതിയിൽ വിലസിയത്. സെസിക്ക് യോഗ്യതയില്ലെന്ന് വ്യക്തമാക്കുന്ന ഒരു കത്ത് ബാർ അസോസിയേഷന് ലഭിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. അന്വേഷണത്തിൽ കത്തിലെ ആരോപണം ശരിയാണെന്ന് വ്യക്തമായി. മാത്രമല്ല ഇവർ സമർപ്പിച്ച റോൾ നമ്പർ മറ്റൊരു അഭിഭാഷകയുടേതാണെന്നും അന്വേഷണത്തിൽ മനസിലായി. ഇതേത്തുടർന്ന് അസോസിയേഷൻ പരാതി നൽകുകയായിരുന്നു. കള്ളി വെളിച്ചത്തായെന്ന് വ്യക്തമായതോടെയാണ് സെസി ഒളിവിൽ പോയത്.