ഡെൽറ്റ വൈറസിനുമുന്നിൽ പകച്ച് ചൈന, നൂറുകണക്കിന് പേർക്ക് രോഗബാധ, വാക്സിൻ ഫലപ്രാപ്തിയെക്കുറിച്ചും ആശങ്ക

Thursday 29 July 2021 3:58 PM IST

ബീജിംഗ്: കൊവിഡിന്റെ ഈറ്റില്ലമെന്ന് കരുതുന്ന ചൈനയിൽ ഒരിടവേളയ്ക്ക് ശേഷം അതിതീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വൈറസ് വകദേദം കൂടുതൽ റിപ്പോർട്ട് ചെയ്യുന്നു. നൂറുകണക്കിന് പേർക്ക് ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചു എന്നാണ് റിപ്പോർട്ട്. നേരത്തേ കൊവിഡിനെ പിടിച്ചുകെട്ടിയെന്ന് അവകാശപ്പെട്ടിരുന്ന ചൈന ഡെൽറ്റ വൈറസ് വ്യാപനം എങ്ങനെ തടയുമെന്നറിയാതെ പകച്ചുനിൽക്കുകയാണ്. രണ്ട് ഡോസ് വാക്സിൻ എടുത്തവരിലാണ് വൈറസ് ബാധ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതാണ് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നതും.

കിഴക്കൻ നഗരമായ നാൻജിംഗിലെ വിമാനത്താവളത്തിലാണ് ആദ്യമായി ഡെൽറ്റവ്യാപനം റിപ്പോർട്ടുചെയ്തത്. പൊടുന്നനെ മറ്റുസ്ഥലങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. രോഗവ്യാപനം തടയാനായി ഒരുകോടിക്ക് അടുത്തുവരുന്ന നഗരവാസികളെ രണ്ടാംഘട്ട പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. നഗരത്തിലെ നാലുമേഖലകൾ അപകട സാദ്ധ്യത ഏറ്റവും കൂടുതലായ പ്രദേശങ്ങളുടെ പട്ടികയിലാണ്. ഇവിടെയാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയത്. കൊവിഡിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് സർവമേഖലയും തുറന്നുകൊടുത്ത് മുന്നോട്ടുകുതിച്ചിരുന്ന ചൈനയ്ക്ക് ഡെൽറ്റവ്യാപനം താങ്ങാനാവുന്നതിനും അപ്പുറമാണ്. സാമ്പത്തിക രംഗത്തുൾപ്പടെ ഇത് പ്രതിഫലിക്കും എന്നാണ് കരുതുന്നത്.

ഡെൽറ്റ വ്യാപനം രൂക്ഷമായതോടെ ചൈനയുടെ കൊവിഡ് വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചും ആശങ്കകൾ ഉയരുന്നുണ്ട്. സിനോഫാം ഡെൽറ്റ വൈറസിനെ ചെറുക്കുമെന്നാണ് ചൈന അവകാശപ്പെട്ടിരുന്നത്. ഈ വാക്സിന്റെ രണ്ടുഡോസും എടുത്തവരാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചതിൽ ഭൂരിപക്ഷവും. ഇതോടെ സിനോഫാം ഉപയോഗിച്ച മറ്റു രാജ്യങ്ങളും കടുത്ത ആശങ്കയിലാണ്. ശ്രീലങ്ക, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലെ ഭൂരിപക്ഷവും എടുത്തത് സിനോഫാം വാക്സിനാണ്. നേരത്തേ തന്നെ ലോകരാജ്യങ്ങൾ ചൈനയുടെ വാക്സിനുകളുടെ ഫലത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു.