പി.പി.മത്തായിയുടെ വേർപാടിന് ഒരാണ്ട് അന്വേഷണം പൂർത്തിയായിട്ടും അറസ്റ്റ് വൈകുന്നതിൽ ആശങ്ക

Thursday 29 July 2021 4:31 PM IST

പത്തനംതിട്ട : വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറേചരുവിൽ പി.പി. മത്തായിയെ (42)വീട്ടുവളപ്പിലെ കിണറ്റിൽ​ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പൂർത്തിയായിട്ടും അറസ്റ്റ് വൈകുന്നു. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ മത്തായിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം കേസന്വേഷണം ഏറ്റെടുത്ത സി.ബി.ഐ,​ കുറ്റപത്രം നൽകുന്നതിന് മുന്നോടിയായി അന്വേഷണ റിപ്പോർട്ട് അന്തിമ അനുമതിക്കായി മേലുദ്യോഗസ്ഥർക്ക് കൈമാറിയിട്ടും കുറ്റവാളികളുടെ അറസ്റ്റ് വൈകുന്നതിന്റെ ഉത്കണ്ഠയിലാണ് മത്തായിയുടെ കുടുംബവും നാട്ടുകാരും.

കസ്റ്റഡി,​ മെമ്മറി കാർഡ്

മോഷ്ടിച്ചെന്നാരോപിച്ച്

കുടപ്പനക്കുളത്തിന് സമീപം മണിയാർ തേക്ക് പ്ളാന്റേഷനിൽ വനം വകുപ്പ് സ്ഥാപിച്ച കാമറകൾ നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് 2020 ജൂലായ് 28ന് ഉച്ചയ്ക്ക് ശേഷം ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ മത്തായിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇയാളെ വൈകിട്ട് ആറു മണിയോടെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിൽ തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ട മത്തായി കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് വനം വകുപ്പുദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. എന്നാൽ,​ മത്തായി കിണറ്റിൽ വീണ സംഭവം ഏറെ നേരം കഴിഞ്ഞാണ് വനം വകുപ്പ് ഉദ്യോഗസ്ഥ‍ർ നാട്ടുകാരെ അറിയിച്ചത്. കാമറയുടെ മെമ്മറികാർഡ് മോഷണം പോയ സംഭവം തീർപ്പാക്കാൻ മുക്കാൽ ലക്ഷം രൂപ വനം വകുപ്പ് ഉദ്യോഗസ്ഥർ മത്തായിയോട് കൈക്കൂലി ചോദിച്ചതായി മത്തായിയുടെ ഭാര്യയും സ്കൂ‍ൾ ജീവനക്കാരിയുമായ ഷീജ ആരോപിച്ചു. എന്നാൽ,​ മത്തായിയുടെ മരണം ആത്മഹത്യയാണെന്ന മട്ടിൽ കേസ് ഒതുക്കാനുള്ള ശ്രമത്തിലാണ് ലോക്കൽ പൊലീസും വനംവകുപ്പും.

ഇക്കഴിഞ്ഞ സെപ്റ്റംബർ 4 വരെ ഒന്നരമാസത്തോളം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം,​ കേസ് സി.ബി.ഐക്ക് കൈമാറി റീ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മറവ് ചെയ്തത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ പ്രതിസ്ഥാനത്തുള്ള ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെട്ടതിനും ഉൾപ്പെടെ 12 വകുപ്പുകൾ ചുമത്തിയാണ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണ സംഘം കേസെടുത്തത്. പ്രാഥമിക വിവര റിപ്പോർട്ട് അടക്കം വ്യാജമായി നിർമ്മിക്കുകയും അത് അസൽ രേഖയെന്ന നിലയിൽ അവതരിപ്പിക്കുകയും ചെയ്തതടക്കം ഗുരുതര ക്രമക്കേടുകളാണ് വനപാലക സംഘത്തിന്റെ ഭാഗത്തു നിന്ന് കേസിൽ ഉണ്ടായിട്ടുള്ളത്.

മത്തായിയെ കസ്റ്റഡിയിലെടുത്തതിലും അതിനുശേഷമുണ്ടായ സംഭവവികാസങ്ങളിലും ഉദ്യോഗസ്ഥരുടെ വീഴ്ച ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രാജേഷ് കുമാറിനെയും സെക്ഷൻ ഓഫീസർ എ.കെ. പ്രദീപ് കുമാറിനെയും സസ്പെന്റ് ചെയ്തിരുന്നു. ഈ ഉദ്യോ​ഗസ്ഥർക്കെതിരെ തന്നെയാണ് മത്തായിയുടെ കുടുംബം ആരോപണം ഉന്നയിക്കുന്നത്. ഇവരാണ് ചട്ടവിരുദ്ധമായി മത്തായിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയതെന്ന് വനം വകുപ്പ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വനംവകുപ്പിന്റെ ജനറൽ ഡയറിയിലുൾപ്പെടെ ഉദ്യോ​ഗസ്ഥർ തിരിമറി നടത്തിയെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. മത്തായിയുടെ മരണത്തിൽ വനംവകുപ്പ് ജീവനക്കാരുടെ പങ്ക് വ്യക്തമായതോടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്ക് കാത്തിരിക്കുകയാണ് മത്തായിയുടെ വീട്ടുകാരും നാടും.

വനംവകുപ്പിനെതിരെ

നിർണായക തെളിവുകൾ

മരണത്തിന് ഉത്തരവാദികളായി സംശയിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് മത്തായി ഉപയോഗിച്ചിരുന്ന മൊബൈൽ കണ്ടെടുത്തതടക്കം നിർണായക തെളിവുകൾ സി.ബി.ഐക്ക് ലഭിച്ചതായാണ് വിവരം. കേസ് അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് തയാറാക്കുന്നതിന് മുന്നോടിയായി റീ പോസ്റ്റ്മോർട്ടത്തിന് കഴിഞ്ഞ ദിവസം നേതൃത്വം നൽകിയ ഡോക്ടർമാർ മത്തായിയുടെ മൃതദേഹം കിടന്ന

കിണറും പരിസരവും വീണ്ടും പരിശോധിച്ചിരുന്നു. നൂറോളം പേരിൽനിന്ന് തെളിവുകളും ശേഖരിച്ചു. ആയിരത്തോളം പേജുകളാണ് അന്വേഷണ റിപ്പോർട്ടിനുള്ളത്. സി.ബി.ഐ ആസ്ഥാനത്ത് നിന്നുള്ള അനുമതി ലഭിച്ചാലുടൻ കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

മത്തായിയെ കിണറ്റിൽ

തളളിയിട്ടതോ?​

ചിറ്റാറിൽ വനം വകുപ്പിന്റെ നിരീക്ഷണ കാമറ നശിപ്പിച്ച കേസിൽ പ്രതിയായ മത്തായി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് അപായപ്പെടുന്നത്. കസ്റ്റഡിയിലായിരിക്കെ മത്തായിയുടെ ജീവന് സുരക്ഷ നൽകേണ്ട ഉത്തരവാദിത്വം വനം വകുപ്പ് ജീവനക്കാർക്കാണ്. കസ്റ്റഡിയിൽ നിന്ന് ഓടിപ്പോയ മത്തായി കിണറ്റിൽ ചാടിയാതാണെന്ന വനം വകുപ്പിന്റെ വാദം മുഖവിലയ്ക്കെടുത്താൽ തന്നെ മത്തായിയെ ഉടൻ രക്ഷിക്കാതിരുന്നതെന്തെന്ന ചോദ്യവും നിർണായകമാണ്. മത്തായിയെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം വനം വകുപ്പ് ഉദ്യോഗസ്ഥർക്കുണ്ട്. തെളിവെടുപ്പിനിടെ മത്തായിയെ കിണറ്റിൽ തള്ളിയിട്ട് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. മാലിന്യം വനത്തിൽ തള്ളിയതുമായി ബന്ധപ്പെട്ട് നേരത്തെയും മത്തായിയെ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു.

മത്തായിയുടേത് മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വെള്ളം ഉളളിൽ ചെന്നതാണ് മരണകാരണം. മൃതദേഹത്തിൽ മർദ്ദനത്തിന്റേയോ ബാഹ്യ ഇടപെടലുകളുടേയോ ലക്ഷണമില്ലെന്നും റിപ്പോർട്ടിലുണ്ട്. തലയുടെ ഇടത് വശത്ത് ചതവുണ്ട്. കൂടാതെ കൈ മുട്ട് ഒടിഞ്ഞിട്ടുണ്ട്. ഇത് വീഴ്ചയിൽ സംഭവിച്ചതാണോ,​ വനം വകുപ്പ് ഉദ്യോഗസ്റുടെ മർദ്ദനത്തെ തുടർന്നുണ്ടായതാണോ എന്നീ കാര്യങ്ങൾ കേസിൽ നിർണായകമാകും.വിദഗ്ദ്ധ ഡോക്ടർമാരുടെയും ഫോറൻസിക് വിദഗ്ദ്ധരുടെയും സഹായത്തോടെ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സി.ബി.ഐ ശ്രമം നടത്തിവരികയാണ്. തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടൽ (364- എ), മനപൂർവമല്ലാത്ത നരഹത്യ (304) എന്നിവയടക്കം 11 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അസ്വാഭാവിക മരണത്തിനായിരുന്നു (164 എ)​നേരത്തെ ലോക്കൽ പൊലീസ് കേസെടുത്തിരുന്നത്. സി.ബി.ഐ വന്നതോടെയാണ് കൂടുതൽ വകുപ്പുകൾ ചുമത്തി കേസ് ബലപ്പെടുത്തിയത്.

Advertisement
Advertisement