ദീർഘകാലമായുള‌ള പ്രശ്‌നത്തിന് പരിഹാരം കാണാൻ പ്രധാനമന്ത്രി; ഒബിസി വിഭാഗത്തിന് മെഡിക്കൽ കോഴ്‌സുകളിൽ 27 ശതമാനം സംവരണം

Thursday 29 July 2021 6:47 PM IST

ന്യൂഡൽഹി: ഈ വർഷം നടക്കുന്ന മെഡിക്കൽ, ദന്തൽ കോഴ്‌സുകളിൽ ഒബിസി വിഭാഗത്തിന് അഖിലേന്ത്യാ ക്വാട്ടയിൽ 27 ശതമാനം സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി കേന്ദ്ര സ‌ർക്കാർ. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവ‌ർക്ക് 10 ശതമാനം സാമ്പത്തിക സംവരണം കൊണ്ടുവരും. ഈ രണ്ട് തീരുമാനങ്ങളിലൂടെ ഏതാണ്ട് 5550 വിദ്യാർത്ഥികൾക്ക് ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്.

മുൻപ് പട്ടിക വിഭാഗങ്ങൾക്ക് മാത്രമാണ് സംവരണമുണ്ടായിരുന്നത്. ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്കാണ് പുതിയ തീരുമാനം വഴി പ്രയോജനം ലഭിക്കുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. സംവരണവുമായി ബന്ധപ്പെട്ട ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ തിങ്കളാഴ്‌ച ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ മന്ത്രാലയങ്ങൾക്ക് നി‌ർദ്ദേശം നൽകിയിരുന്നു.