ആളെക്കൊല്ലികളായി ന്യൂജെൻ ബൈക്കുകൾ, അപകടമുണ്ടായപ്പോൾ പരിശോധന തുടങ്ങി!

Friday 30 July 2021 12:00 AM IST

ചങ്ങനാശേരി: മോർക്കുളങ്ങര പാലാത്ര ബൈപ്പാസ് റോഡിൽ ഉണ്ടായ അപകടത്തിൽ മൽസരയോട്ടം നടത്തിയ ന്യൂജെൻബൈക്ക് യാത്രികനടക്കം മൂന്നു പേർ മരിക്കാനിടയായ സംഭവത്തെത്തുടർന്ന് പൊലീസ് പരിശോധന കർക്കശമാക്കി. ഡ്യൂക്ക് ബൈക്ക് ഒാടിച്ചിരുന്ന പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടിൽ ശരത് (18) , എതിരെ വന്ന ബൈക്കിലുണ്ടായിരുന്ന സ്വർണപ്പണിക്കാരായ പുഴവാത് കാർത്തിക ഭവനിൽ സേതുനാഥ് നടേശൻ (41 ) , പുഴവാത് പോത്തോട് അമൃതശ്രീയിൽ മുരുകൻ ആചാരി (67) എന്നിവരാണ് ബുധനാഴ്ച വൈകിട്ട് അപകടത്തിൽ മരിച്ചത്. മത്സരിച്ച് ഒാ‌ടിച്ചുവന്ന ശരത്തിന്റെ ഡ്യൂക്ക് ബൈക്ക് സേതുനാഥിന്റെ ബൈക്കിൽ ഇടിച്ചു കയറുകയായിരുന്നു. ശരത്തിന്റെ സുഹൃത്തിന്റേതാണ് അപകടത്തിൽപ്പെട്ട ബൈക്ക്. മൽസര ഓട്ടത്തിൽ ഒപ്പമുണ്ടായിരുന്ന ബൈക്കുകാരനെ ഇന്നലെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയാകളിൽ പോസ്റ്റ് ചെയ്യുന്നതിനാണ് മത്സരയോട്ടം സംഘടിപ്പിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് . 150 കിലോമീറ്റർ വേഗതയിലായിരുന്നു ഡ്യൂക്ക് ബൈക്ക്. ശരത്തിന്റെ ഹെൽമറ്റിൽ കാമറ ഘടിപ്പിച്ചിരുന്നു. ഇതിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. അശ്രദ്ധയും അമിത വേഗതയുമാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് ഇന്നലെ രാവിലെ മുതൽ പൊലീസ് എല്ലാ ന്യൂജെൻ ബൈക്കുകളും പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്.

 അപകടമുണ്ടാക്കുന്ന അമിതവേഗത

അമിതവേഗതയിൽ പായുന്ന നൂജെൻ ബൈക്കുകൾ സ്റ്റണ്ടിംഗ് നടത്തുന്നതിനിടെയാണ് പലപ്പോഴും അപകടം ഉണ്ടാകുന്നത്. തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങൾക്കിടയിലൂടെ നുഴഞ്ഞു കയറിപ്പോകുകയും ഭീതിപ്പെടുത്തും വിധം സൈലൻസറിലൂടെ ശബ്ദമുണ്ടാക്കുകയും വലിയ ഹോൺ മുഴക്കുകയും ചെയ്യുന്നത് ഇവരുടെ വിനോദമാണ്. നിരത്തുകളിൽ റേസിംഗും സ്റ്റണ്ടിംഗും നടത്തി ഇൻസ്റ്റാഗ്രാം റീൽസ്, സ്റ്റാറ്റസ്, സ്റ്റോറി എന്നിവയിലൂടെ പ്രദർശിപ്പിക്കുകയാണ് ലക്ഷ്യം. ജി.പി.എസ് , ബ്ലൂ ടൂത്ത്, കാമറ തുടങ്ങിയ സജ്ജീകരണങ്ങൾ ബൈക്കുകളിലുണ്ടാകും. ഫോട്ടോ ഷൂട്ടിനായി ആധുനിക സംവിധാനങ്ങളിലുള്ള ഹെൽമെറ്റുകളും ഇവർ ഉപയോഗിക്കുന്നു.

 ഫ്രീക്കൻമാരുടെ ഇഷ്ട സ്ഥലം

ആളൊഴിഞ്ഞതും നിരപ്പും നീളവുമുള്ളതുമായ ബൈപ്പാസ് റോഡുകളാണ് ഫ്രീക്കൻമാരുടെ ഇഷ്ട സ്ഥലങ്ങൾ. സി.സി.ടി.വി.കാമറ, പൊലീസ് പരിശോധന തുടങ്ങിയവയിൽ നിന്നെല്ലാം രക്ഷ നേടാനാണ് ഇത്തരം വഴികൾ തെരഞ്ഞെടുക്കുന്നത്. കോട്ടയം ജില്ലയിൽ കോടിമത, ഏറ്റുമാനൂർ , ചങ്ങനാശേരി, മണർകാട് നാലുമണിക്കാറ്റ് എന്നിവിടങ്ങളിലെല്ലാം റേസിംഗ് നടക്കാറുണ്ട്. വാഗമൺ കിഴക്കൻ റൂട്ടുകളും ഇവർക്ക് പ്രിയപ്പെട്ടതാണ്.

അത്യാധുനിക മോഡലിലുള്ള ഇത്തരം ബൈക്കുകൾക്ക് ഒന്നര ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് വില. ഡ്യൂക്ക് 250, ആർ.സി, 390, 200, ആർ.എം ഫൈവ്, ആർ.ആർ ത്രീ ടെൻ, ബി.എം.ഡബ്ല്യു.ജി.എസ്, അപ്പാച്ചെ 200, ഹിമാലയൻ , അഡ്വൈഞ്ചർ 390 തുടങ്ങി ഒട്ടേറെ മോഡലുകളുണ്ട് ഇക്കൂട്ടത്തിൽ. ഏറ്റവും കൂടുതൽ അപകടമുണ്ടാക്കുന്ന കൂട്ടത്തിലുള്ളതാണ് ഡ്യൂക്ക് . പഴയ വാഹനങ്ങൾ വാങ്ങി രൂപമാറ്റം വരുത്തുന്നതും ഇക്കൂട്ടർക്ക് ഹരമാണ്.

 സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സജീവം

ബൈക്ക് സ്റ്റണ്ടുകാരുടെയും റേസിംഗുകാരുടെയും ട്രിപ്പുകാരുടെയും പ്രത്യേക സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ഇന്ന് സജീവമാണ്. വാഹനങ്ങളുടെ മോഡൽ അനുസരിച്ചുള്ള ഗ്രൂപ്പ്, ഫ്രണ്ട്‌സ് സർക്കിൾ ഗ്രൂപ്പ്, ട്രിപ്പ് മോഡൽ ഗ്രൂപ്പ് ഇങ്ങനെ നീളുന്നു ഗ്രൂപ്പുകൾ.

Advertisement
Advertisement