കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ്: പ്രതികളെ അറസ്റ്റ് ചെയ്യാനാകാതെ ക്രൈംബ്രാഞ്ച്
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാനാകാതെ ക്രൈം ബ്രാഞ്ച്. ബാങ്കിന്റെ മുൻ സെക്രട്ടറി ഉൾപ്പെടെ ആറു പേരെ പ്രതിചേർത്ത് ഒരാഴ്ച കഴിഞ്ഞു. നാല് പ്രതികളെ അയ്യന്തോളിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി വാർത്ത വന്നിട്ടും ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.
സി.പി.എം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും അംഗങ്ങളും ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുളളത്. അതിനാൽ അന്വേഷണ സംഘത്തിനു മേൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നാണ് വിവരം.
പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. മുൻകൂർ ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത കുറവാണെന്നാണ് നിയമോപദേശം. പ്രതികളെ പിടികൂടിയാൽ തട്ടിപ്പിലെ ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ വെളിപ്പെടുമെന്ന ആശങ്കയും പാർട്ടിയ്ക്കുണ്ട്. അതിനാൽ അന്വേഷണം വൈകിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പറയുന്നു. കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം. പ്രതികളെ പിടികൂടാൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നുണ്ട്.
പ്രചാരണങ്ങൾ ഗൂഢലക്ഷ്യത്തോടെ: സി.പി.എം
കരുവന്നൂർ സഹകരണ ബാങ്കിലെ തിരിമറിയേയും തട്ടിപ്പിനെയും മറയാക്കി സഹകരണ ബാങ്കുകൾ ആകെ കുഴപ്പത്തിലാണെന്ന വിധത്തിൽ ചിലർ നടത്തുന്ന പ്രചാരണങ്ങൾ ഗൂഢലക്ഷ്യത്തോടെയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. കരുവന്നൂരിലെ തട്ടിപ്പിനെ ആരും ന്യായികരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കർശന നടപടികളാണ് സി.പി.എം സ്വീകരിച്ചത്. തിരിമറികൾ നടത്തുന്നവരെ സംരക്ഷിക്കില്ലെന്ന നിലപാടിന്റെ ഭാഗമാണ് പാർട്ടി സ്വീകരിച്ച നടപടികൾ. സഹകരണ മേഖല കുഴപ്പത്തിലാണെന്ന് വരുത്തി തീർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്നും ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ് പറഞ്ഞു.