എൻ.എസ്.ഒ ഓഫീസിൽ റെയ്ഡ്

Friday 30 July 2021 3:58 AM IST

ടെൽഅവീവ്: ഇസ്രയേൽ ചാര സോഫ്റ്റ്‌വെയറായ പെഗസസിന്റെ നിർമ്മാതാക്കളായ എൻ.എസ്.ഒയുടെ ടെൽ അവീവിലെ ഓഫീസ് റെയ്ഡ് ചെയ്ത് ഇസ്രയേൽ സർക്കാർ. ബുധനാഴ്ചയാണ് റെയ്ഡ് നടന്നത്.

പെഗാസസ് വഴി ലോകമെമ്പാടുമുള്ള നിരവധി പ്രമുഖരുടെ ഫോൺ രേഖകൾ ചോർത്തിയെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്.

ഒന്നിലധികം ഇസ്രയേൽ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണ ഏജൻസികളാണ് റെയ്ഡ് നടത്തിയത്.

എന്നാല്‍ റെയ്ഡല്ല, സന്ദർശനമാണ് നടത്തിയതെന്നാണ് എൻ.എസ്.ഒ. പറഞ്ഞത്.

‘ഇസ്രയേൽ പ്രതിരോധ മന്ത്രാലയം ഞങ്ങളുടെ ഓഫീസ് സന്ദർശിച്ചു. അവരുടെ റെയ്ഡിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇസ്രയേൽ അധികൃതരുമായി ചേർന്നാണ് കമ്പനി പ്രവര്‍ത്തിക്കുന്നത് - എൻ.എസ്.ഒ. അറിയിച്ചു. വ്യാജ ആരോപണങ്ങളാണ്​ മാദ്ധ്യമങ്ങൾ തങ്ങൾക്കെതിരെ ഉന്നയിക്കുന്നതെന്നും എൻ.എസ്​.ഒ വ്യക്​തമാക്കി.അതേസമയം പെഗസസ് ദുരുപയോഗം ചെയ്തതിന് തെളിവുകൾ ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് എൻ.എസ്.ഒ. പറഞ്ഞിരുന്നു. വിഷയത്തിൽ ഇസ്രയേൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പെഗസസ് ചോർത്തൽ ചർച്ച ചെയ്യാനായി ഫ്ര​ഞ്ച്​ പ്ര​തി​രോ​ധ മ​ന്ത്രി​യായ ഫ്ലോ​റ​ൻ​സ് പാ​ർ​ലി​യും ഇസ്രയേൽ പ്രതിരോധ മന്ത്രിയായ ബെ​ന്നി ഗാ​ന്റ്സും കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ചർച്ചയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.