ആംഗ്യ ഭാഷ പാഠ്യ പദ്ധതിയുടെ ഭാഗമാക്കും: പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് മൂന്ന് ലക്ഷത്തിലേറെ വിദ്യാർത്ഥികൾക്ക് ആംഗ്യഭാഷ ആവശ്യമാണെന്നും ബധിര മൂക സമൂഹത്തോട് ആശയവിനിമയം സാദ്ധ്യമാക്കുന്നതിന് ഇന്ത്യൻ ആംഗ്യ ഭാഷ സെക്കൻഡറി തലത്തിൽ പഠിപ്പിക്കുമെന്നും എൻജിനീയറിംഗ് കോഴ്‌സുകൾ 11 പ്രാദേശിക ഭാഷകളിൽ പഠിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിന് ഒരു വർഷം പൂർത്തിയാക്കുന്ന വേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറിയ കുട്ടികൾക്ക് വിദ്യാ പ്രവേശ് എന്ന പ്രീ സ്കൂൾ പരിപാടി, സി.ബി.എസ്.ഇ വിദ്യാർത്ഥികളുടെ വിലയിരുത്തലിനായി 'സഫൽ' എന്നീ പദ്ധതികളും ആരംഭിച്ചു.
11 പ്രാദേശിക ഭാഷകളിലേക്ക് എൻജിനീയറിംഗ് കോഴ്‌സുകൾ പരിഭാഷപ്പെടുത്താനുള്ള ടൂൾ സർക്കാർ വികസിപ്പിച്ചിട്ടുണ്ട്. ഇത് പാവങ്ങൾക്കും ദളിതുകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും സഹായകമാകുമെന്നും മോദി കൂട്ടിച്ചേർത്തു.
ക്രെഡിറ്റ് സമ്പ്രദായത്തിൽ ആധുനിക സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള അക്കാദമിക് ബാങ്ക് മാറ്റം കൊണ്ടുവരുമെന്നും വിദ്യാർത്ഥികൾക്ക് അഭിരുചി അനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിൽ ഏത് പഠന ശാഖയും ഏത് സമയത്തും ഒഴിവാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് സാഹചര്യങ്ങൾ മാറ്റി മറിച്ചിട്ടും ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് വിദ്യാർത്ഥകൾക്ക് പെട്ടെന്ന് മാറാൻ കഴിഞ്ഞു. 'ദിക്ഷ' പോർട്ടലിന് 2300 കോടി ഹിറ്റാണ് കിട്ടിയത്. ഇപ്പോഴും എല്ലാ ദിവസവും അഞ്ച് കോടി ഹിറ്റ് കിട്ടുന്നുണ്ട്.
എട്ട് സംസ്ഥാനങ്ങളിലെ 14 എൻജിനീയറിംഗ് കോളജുകൾ അഞ്ച് ഇന്ത്യൻ ഭാഷകളിൽ പഠിപ്പിച്ച് തുടങ്ങും. എൻ.സി.ഇ.ആർ.ടി രൂപം നൽകിയ 'നിഷ്ഠ 2.0' എന്ന സംയോജിത അദ്ധ്യാപക പരിശീലന പരിപാടിക്കും നാഷണൽ ഡിജിറ്റൽ എഡ്യൂക്കേഷൻ ആർക്കിടെക്ചർ, നാഷണൽ എഡ്യൂക്കേഷൻ ടെക്‌നോളജി ഫോറം എന്നിവയ്ക്കും പ്രധാനമന്ത്രി തുടക്കമിട്ടു.