അമ്പലപ്പുഴ - എറണാകുളം തീരദേശ റെയിൽപ്പാത: ഇരട്ടിപ്പിക്കലിന് ഇരട്ടവേഗം

Thursday 29 July 2021 10:18 PM IST

അനുവദിച്ചത് 540.20 കോടി

ആലപ്പുഴ: ഇഴഞ്ഞുനീങ്ങിയ അമ്പലപ്പുഴ - എറണാകുളം തീരദേശ റെയിൽപ്പാത ഇരട്ടിപ്പിക്കൽ പദ്ധതിക്ക് പുതുജീവൻ. 540.20 കോടി രൂപ കേന്ദ്രം അനുവദിച്ചു. നേരത്തെ സ്ഥലം ഏറ്റെടുക്കൽ ആരംഭിച്ചിരുന്നെങ്കിലും ഉടമകൾക്ക് പണം നൽകാനാകാത്തത് പ്രവർത്തനം വൈകിപ്പിച്ചിരുന്നു.

70 കിലോ മീറ്റർ ദൈർഘ്യത്തിലാണ് പാതയിരട്ടിപ്പിക്കൽ. എറണാകുളം മുതൽ കുമ്പളങ്ങി വരെയുള്ള സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി. കുമ്പളങ്ങി മുതൽ ആലപ്പുഴ വരെയുള്ള നോട്ടിഫിക്കേഷനിൽ തുറവൂർ വരെ ഏറ്റെടുക്കാൻ മാർക്ക് ചെയ്ത സ്ഥലത്തിന് നഷ്ടപരിഹാരം നൽകാത്തതിനാൽ വസ്തു ഉടമകൾ കൈവശപ്പെടുത്തിയത് വീണ്ടും ഒഴിപ്പിക്കാൻ ആരംഭിച്ചു.

ആലപ്പുഴ - അമ്പലപ്പുഴ ഭാഗത്ത് ഒരുനടപടിയുമായില്ല. ഭരണാനുമതിയും ഫണ്ടും നൽകി സ്ഥലം ഏറ്റെടുക്കൽ ജോലി പൂർത്തികരിച്ചാൽ തന്നെ കുറഞ്ഞത് പത്തുവർഷത്തിലധികം വേണ്ടിവരും പാത പൂർത്തിയാക്കാൻ.

തിരുവനന്തപുരം ചീഫ് എൻജിനിയറുടെ പരിധിയിലുള്ള കായംകുളം - അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ പൂർത്തീകരിച്ചു. എറണാകുളം മുതൽ അമ്പലപ്പുഴ വരെ എറണാകുളം ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ പരിധിയിലാണ് ഇരട്ടിപ്പിക്കൽ ജോലികൾ എങ്ങുമെത്താത്തത്. ആലപ്പുഴ, എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന കൈതപ്പുഴ കായലിന് കുറുകേ ഒരുകിലോമീറ്റർ നീളം വരുന്ന പുതിയ പാലത്തിന്റെ പ്രാഥമിക പ്രവർത്തനവും ആരംഭിച്ചു.

മോഡൽ സ്റ്റേഷനുകൾ

എറണാകുളം - ആലപ്പുഴ പാതയുടെ ഇരട്ടിപ്പിക്കൽ ജോലികൾ പൂർണമായില്ലെങ്കിലും പാതയിലെ മുഴുവൻ സ്റ്റേഷനുകളും മോഡൽ റെയിൽവേ സ്റ്റേഷനുകളാക്കി. സംസ്ഥാനത്ത് മുഴുവൻ സ്റ്റേഷനുകളും മോഡൽ സ്റ്റേഷനുകളായ ഏകപാതകൂടിയാണിത്.

തീരദേശപാത

അനുമതി ലഭിച്ചത്: 1977ൽ

കമ്മിഷൻ ചെയ്തത്: 1989ൽ (എറണാകുളം - ആലപ്പുഴ)

രണ്ടാം ഘട്ടം കമ്മിഷൻ: 1991ൽ (കായംകുളം വരെ)

എറണാകുളം - കായംകുളം ദൈർഘ്യം: 110 കിലോ മീറ്റർ

അമ്പലപ്പുഴ - എറണാകുളം: 70 കിലോ മീറ്റർ

''

തീരദേശ റേയിൽപ്പാത ഇരട്ടിപ്പിക്കലിന് തുക അനുവദിച്ചു. ആലപ്പുഴയെ ആദർശ് സ്റ്റേഷനായി ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചു.

എ.എം. ആരിഫ് എം.പി

Advertisement
Advertisement