ഷക്കീല മരിച്ചതായി സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ പ്രചാരണം; ആരോഗ്യത്തോടെയിരിക്കുന്നതായി പ്രതികരിച്ച് നടി

Thursday 29 July 2021 10:29 PM IST

ചെന്നൈ: ചലച്ചിത്ര താരം ഷക്കീല മരണമടഞ്ഞതായി സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ പ്രചാരണം. വ്യാജ സന്ദേശം വന്നതിന് പിന്നാലെ ട്വി‌റ്ററിൽ പ്രതികരണവുമായി നടി എത്തി. കേരളത്തിൽ നിന്നൊരാൾ സമൂഹമാദ്ധ്യമത്തിൽ താൻ മരിച്ചതായി പ്രചരിക്കുന്നത് ശ്രദ്ധയിൽ പെടുത്തി. താൻ പൂർണ ആരോഗ്യവതിയാണ്, സന്തോഷവതിയുമാണെന്ന് ഷക്കീല പ്രതികരിച്ചു.

വ്യാജ സന്ദേശം പ്രചരിച്ചയുടൻ നിരവധി പേർ ഫോണുകളിലും മെസേജുകളിലൂടെയും വിളിച്ചന്വേഷിച്ചു. കേരളത്തിലെ ജനങ്ങൾ നൽകുന്ന കരുതലിന് വളരെ സന്തോഷമുണ്ടെന്ന് ഷക്കീല പ്രതികരിച്ചു. ആ വാർത്ത നൽകിയയാളോടും താൻ നന്ദി പറഞ്ഞ നടി 'അയാൾ കാരണമാണ് നിങ്ങളെന്നെ ഓർത്തത്' എന്ന് പ്രതികരിച്ചു.

മുൻപ് നടൻ ജനാർദ്ദനനെക്കുറിച്ചും സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ ചരമവാർത്ത പ്രചരിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് ആരാധകർ പിന്നാലെ അറിയിച്ചു.