അഖിലേന്ത്യാ മെഡിക്കൽ, ഡെന്റൽ ഡിഗ്രി,പി.ജി പ്രവേശനം: ഒ.ബി.സി സംവരണം 27% , മുന്നാക്കം 10%

Thursday 29 July 2021 10:42 PM IST

ഈ വർഷം മുതൽ ബാധകം

കാരണമായത് മദ്രാസ് ഹൈക്കോടതി ഉത്തരവും

ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ, ഡെന്റൽ കോഴ്‌സുകളിലെ പ്രവേശനത്തിന് ഈ വർഷം മുതൽ ഒ.ബി.സിക്കാർക്ക് 27ശതമാനവും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് 10 ശതമാനവും സംവരണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. നിലവിൽ ഒ.ബി.സി സംവരണമില്ല. എന്നാൽ , പത്ത് ശതമാനം മുന്നാക്ക സംവരണമുണ്ട്

എം.ബി.ബി.എസ്, എം.ഡി, എം.എസ്, ബി.ഡി.എസ്, എം.ഡി.എസ് കോഴ്‌സുകളിലാണ് തീരുമാനം നടപ്പാക്കുക. കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 27ശതമാനം ഒ.ബി.സി സംവരണം നടപ്പാക്കാൻ 2007ൽ നിലവിൽ വന്ന നിയമം അഖിലേന്ത്യാ മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിന് ഇപ്പോഴാണ് ബാധകമാക്കുന്നത്. 27ശതമാനം സംവരണം വഴി ഒ.ബി.സി വിദ്യാർത്ഥികൾക്ക് എം.ബി.ബി.എസിന് 1500ഉം ബിരുദാനന്തര മെഡിക്കൽ കോഴ്‌സുകളിൽ 2500ഉം സീറ്റിൽ പ്രവേശനം ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. മുന്നാക്ക വിഭാഗങ്ങളിലെ 550 വിദ്യാർത്ഥികൾക്ക് എം.ബി.ബി.എസിനും ആയിരം പേർക്ക് ബിരുദാനന്തര കോഴ്‌സുകളിലും പ്രവേശനം ലഭിക്കും.

രാജ്യത്തെ ഒ.ബി.സി വിദ്യാർത്ഥികൾക്ക് ഏത് സംസ്ഥാനത്തും പുതിയ സംവരണ പ്രകാരം പ്രവേശനം ലഭിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കേന്ദ്ര ഒ.ബി.സി പട്ടികയായിരിക്കും സംവരണത്തിന് മാനദണ്ഡമാക്കുക. 2019ലെ ഭരണഘടന ഭേദഗതി പ്രകാരം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തുശതമാനം സംവരണം ഏർപ്പെടുത്താനുള്ള തീരുമാനമാണ് മെഡിക്കൽ, ഡെന്റൽ കോഴ്‌സുകൾക്കും ബാധകമാക്കുന്നത്..

ജൂലായ് 26ന് പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനും ഒ.ബി.സി, സാമ്പത്തിക സംവരണം ഏർപ്പെടുത്തണമെന്ന ദീർഘകാല ആവശ്യം അംഗീകരിക്കാൻ തീരുമാനമായത്. 2014മുതൽ എം.ബി.ബി.എസിൽ 56ശതമാനവും, ബിരുദാനന്തര കോഴ്‌സുകളിൽ 80ശതമാനവും

സീറ്റുകൾ വർദ്ധിപ്പിച്ചു. ആറുവർഷത്തിനിടെ 179 പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചു

(സർക്കാർ മെഡി. കോളേജുകൾ:289, സ്വകാര്യ മേഖലയിൽ 269). പിന്നാക്കക്കാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്കും പ്രയോജനപ്പെടുന്ന ചരിത്രതീരുമാനമാണിതെന്ന് കേന്ദ്രസർക്കാർ അവകാശപ്പെട്ടു..

മദ്രാസ് ഹൈക്കോടതി ഉത്തരവ് :

അഖിലേന്ത്യാ മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിൽ കഴിഞ്ഞ വർഷം മുതൽ പത്ത് ശതമാനം മുന്നാക്ക സംവരണം ഏർപ്പെടുത്തിയിട്ടും ഒ.ബി.സി സംവരണമില്ലാത്തതിനെ സെന്തിൽ കുമാർ രാമമൂർത്തി എന്ന വിദ്യാർത്ഥി മദ്രാസ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ഒരു വർഷത്തിനകം തീരുമാനമെടുക്കാൻ 2020 ജൂലായ് 20ന് ഹൈക്കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകി.എന്നാൽ,സമയ പരിധി തീരാറായിട്ടും നടപടിയുണ്ടാതിരുന്നത് കോർട്ടലക്ഷ്യക്കേസായി. ഒരാഴ്ചക്കകം തീരുമാനമെടുക്കാൻ കഴിഞ്ഞ 19ന് ഹൈക്കോടതി കേന്ദ്രത്തിന് കർശന നിർദ്ദേശം നൽകി.ഇക്കാല്ലത്തെ പ്രവേശനത്തിന് മുമ്പ് സംവരണത്തിൽ തീരുമാനമെടുക്കാൻ ഈ ഉത്തരവും കാരണമായി.

കിട്ടുന്ന സീറ്റുകൾ

ഒ.ബി.സി

1500 എം.ബി.ബി.എസ്

2500 മെഡി.ബിരുദാനന്തരം

മുന്നാക്ക വിഭാഗം

550 എം.ബി.ബി.എസ്

1000 മെഡി.ബിരുദാനന്തരം

Advertisement
Advertisement