കെ.എം. മാണിയുടെ ജീവിതത്തിനും ആത്മാവിനും യു.ഡി.എഫ് ശാന്തി കൊടുത്തില്ല: ജോബ് മൈക്കിൾ

Friday 30 July 2021 12:43 AM IST

തിരുവനന്തപുരം: കെ.എം. മാണി ജീവിത്തിനും അദ്ദേഹത്തിന്റെ ആത്മാവിനും യു.ഡി.എഫ് ശാന്തി കൊടുത്തില്ലെന്ന് ജോബ് മൈക്കിൾ എം.എൽ.എ നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷ ബഹിഷ്‌കരണത്തിന് ശേഷം, ഗതാഗത, മത്സ്യബന്ധന, വാഹനനികുതി വകുപ്പുകളിന്മേലുണ്ടായ ധനാഭ്യർത്ഥന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശൂന്യവേളയിൽ അടിയന്തരപ്രമേയനോട്ടീസ് കൊണ്ടുവന്ന പ്രതിപക്ഷനേതാക്കൾ നിയമസഭാ കൈയാങ്കളിക്കേസിന്റെ പേരിൽ കേരള കോൺഗ്രസ് എമ്മിനെതിരെ നടത്തിയ ചില വിമർശനങ്ങൾക്ക് മറുപടിയായാണ് ജോബിന്റെ പ്രസംഗം. 2015 മാർച്ച് 13 വെള്ളിയാഴ്ച കറുത്ത വെള്ളിയാക്കിയത് യു.ഡി.എഫ്, കോൺഗ്രസ് നേതാക്കളാണ്. അവരാണ് മാപ്പ് പറയേണ്ടത്. ആ കറുത്ത വെള്ളിയെ വെളുത്തതാക്കാൻ എൽ.ഡി.എഫിനേ സാധിക്കൂ.
കെ.എം. മാണിയെയും പാർട്ടിയെയും ഇല്ലാതാക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തിയത് 2016ൽ തന്നെ കണ്ടെത്തിയിരുന്നു. 2016ൽ ചരൽക്കുന്നിൽ ചേർന്ന പാർട്ടി ക്യാമ്പിൽ കോൺഗ്രസ് നേതാക്കളുടെ ഗൂഢാലോചനയെപ്പറ്റി വ്യക്തമാക്കപ്പെട്ടു. അങ്ങനെയാണ് യു.ഡി.എഫ് വിട്ടത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമുൾപ്പെടെ യു.ഡി.എഫിന്റെ അഞ്ച് പ്രബല നേതാക്കൾ കെ.എം. മാണിയെ വീട്ടിൽ ചെന്നുകണ്ട് ധൃതരാഷ്ട്രാലിംഗനം ചെയ്തു. തിരുവനന്തപുരത്തേക്കാണ് അന്ന് നേതാക്കൾ ടിക്കറ്റെടുത്തത്. എന്നിട്ട് കൊട്ടാരക്കരയിൽ ഇറക്കിവിട്ടു. അവിടെ നല്ല എയർകണ്ടിഷൻ ബസുണ്ടായിരുന്നു. ഇടതുമുന്നണിയുടെ ആ വണ്ടിയിൽ ഞങ്ങൾ തിരുവനന്തപുരത്തെത്തി.

എല്ലാ കാലത്തും പ്രതിപക്ഷം സമരം നടത്താറുണ്ട്. അതിനെ രാഷ്ട്രീയമായി വലിച്ചിഴച്ച യു.ഡി.എഫ് നടപടിയെയാണ് അപലപിക്കേണ്ടതെന്നും ജോബ് മൈക്കിൾ പറഞ്ഞു.

Advertisement
Advertisement