20 ലക്ഷം പിഴയൊടുക്കാമെന്ന് ജൂഹിചൗള, 5ജിക്കെതിരായ ഹർജി പിൻവലിച്ചു

Friday 30 July 2021 12:46 AM IST

ന്യൂഡൽഹി: രാജ്യത്ത് 5ജി ടെലികോം സേവനം തുടങ്ങുന്നതിനെ എതിർത്ത് സമർപ്പിച്ച ഹർജി തള്ളിയതിനെതിരെ നടി ജൂഹി ചൗള ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. 20ലക്ഷം പിഴയൊടുക്കാമെന്നും ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്നുമുള്ള ജൂഹി ചൗളയുടെ അഭിഭാഷകന്റെ ആവശ്യം ജസ്റ്റിസ് ജയന്ത് നാഥ് അനുവദിച്ചു.

രാജ്യത്ത് 5ജി സാങ്കേതിക വിദ്യ നടപ്പാക്കുന്നത് വൻ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂഹി ചൗള ഹർജി നൽകിയത്. എന്നാൽ പ്രശസ്തിയ്ക്ക് വേണ്ടി ജൂഹി കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്ന് നിരീക്ഷിച്ച കോടതി ഹർജി തള്ളി ഇരുപത് ലക്ഷം രൂപ പിഴയിട്ടിരുന്നു.

പിഴയൊടുക്കാൻ ആകില്ലെന്നും കോടതി ഫീസ് തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ജൂഹി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കടുത്ത ഭാഷയിൽ നടിയെ വിമർശിച്ച കോടതി,​ കോടതി അലക്ഷ്യത്തിന് കേസെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇന്നലെ ഹർജി പിൻവലിക്കുന്നതായി ജൂഹി അറിയിച്ചത്.