കടുപ്പിച്ച് പൊലീസ് : എതിർത്ത് മേയർ - ബസ് സ്റ്റാൻഡ് തുറക്കണോ ! തമ്മിൽ കോർത്ത്

Thursday 29 July 2021 11:49 PM IST

തൃശൂർ : കൊവിഡ് വ്യാപനം തടയാൻ നിയന്ത്രണം കടുപ്പിച്ച് നഗത്തിൽ ബസ് സ്റ്റാൻഡ് പൊലീസ് അടപ്പിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞ് മേയറെത്തി സ്റ്റാൻഡ് തുറന്നു. ഇന്നലെ രാവിലെയാണ് കോർപറേഷൻ പരിധിയിൽ ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ നിയന്ത്രണം കടുപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. ഇത് പ്രകാരം റൗണ്ടിലേക്ക് ബസുകൾ കടത്തി വിടേണ്ടതില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. ഇതേത്തുടർന്ന് വടക്കേ സ്റ്റാൻഡ് പൊലീസ് അടച്ചുപൂട്ടുകയായിരുന്നു.

ഇതറിഞ്ഞ മേയർ എം.കെ വർഗീസ് സ്ഥലത്തെത്തുകയും സി. കാറ്റഗറിയിൽ ബസ് സ്റ്റാൻഡുകൾ അടച്ചിടാൻ നിർദ്ദേശമില്ലെന്നും ചൂണ്ടിക്കാട്ടി പൊലീസുമായുള്ള ഏറെ നേരത്തെ തർക്കത്തിന് ശേഷം തുറന്നു കൊടുക്കുകയായിരുന്നു. എന്നാൽ മേയർ പോയ ഉടനെ വീണ്ടും പൊലീസെത്തി ബസ് സ്റ്റാൻഡ് കൊട്ടിയടച്ചു. ഇതോടെ വീണ്ടും രംഗത്തെത്തിയ മേയർ വീണ്ടും തുറന്നു കൊടുക്കുകയായിരുന്നു.

വിഷയം മന്ത്രിമാരെയും ജില്ലാ കളക്ടറെയും അറിയിച്ചാണ് രണ്ടാമതും തുറക്കാനെത്തിയത് . ഇനി പൊലീസ് അടയ്ക്കാൻ വരുന്നത് തടയാൻ കോർപറേഷൻ സുരക്ഷാ ജീവനക്കാരെ നിറുത്തിയാണ് മേയർ മടങ്ങിയത്. വിഷയത്തിൽ ഇടപെട്ട ജില്ലാ കളക്ടർ സ്റ്റാൻഡ് തുറന്നു കൊടുക്കാൻ നിർദ്ദേശിച്ചു. ബസ് സ്റ്റാൻഡ് അടച്ചിട്ടതോടെ പ്രതിഷേധവുമായി യാത്രക്കാരും ബസ് തൊഴിലാളികളും രംഗത്തെത്തി. നഗരത്തിൽ വെള്ളിയാഴ്ച്ച ഒഴിച്ച് ഒരാഴ്ച്ചക്കാലം അവശ്യ സർവ്വീസ് മാത്രമേ തുറക്കാൻ പാടുള്ളൂവെന്ന നിർദ്ദേശം സെക്ടറൽ മജിസ്‌ട്രേറ്റ് നൽകിയിട്ടുണ്ട്. ഇന്ന് ബാർഷോപ്പ്, കളികൾ, ജിം എന്നിവ അനുവദിക്കില്ലെന്നും സെക്ടറൽ മജിസ്‌ട്രേറ്റ് അറിയിച്ചു.

പരിശോധന കർശനമാക്കി

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ട്രിപ്പിൾ ലോക് ഡൗൺ, ലോക് ഡൗൺ എന്നിവർ ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളിൽ പൊലീസ് വീണ്ടും ചെക്‌പോസ്റ്റുകൾ സ്ഥാപിച്ചു. നഗരത്തിൽ വാഹനം തടഞ്ഞ് യാത്രാ ലക്ഷ്യം അറിഞ്ഞ ശേഷമാണ് വിടുന്നത്. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കടകൾ അടപ്പിക്കാനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

കോർപറേഷന്റെ നിയന്ത്രണത്തിലുള്ളതാണ് ബസ് സ്റ്റാൻഡ്. അവിടെ നിയന്ത്രണം കൊണ്ടുവരുമ്പോൾ കോർപറേഷൻ അധികൃതരെ വിവരം അറിയിക്കുകയെന്ന സാമാന്യ മര്യാദ പോലും പൊലീസ് കാണിച്ചില്ല. ബസുകൾ സ്റ്റാൻഡിന് പുറത്തിടുന്നത് കൂടുതൽ കൊവിഡ് വ്യാപന സാദ്ധ്യതയാണ് ഉണ്ടാക്കുന്നത്. കമ്മീഷണറുടെ നിലപാടും ശരിയല്ല

എം.കെ. വർഗീസ്
മേയർ

Advertisement
Advertisement