മുൻഗണനാ കാർഡ് : അനർഹരെ പിടിക്കാൻ പ്രത്യേക സംഘം

Thursday 29 July 2021 11:51 PM IST

തൃശൂർ: അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വയ്ക്കുന്നവരെ തേടി റേഷൻ കടകളിലും വീടുകളിലും ആഗസ്റ്റ് മുതൽ വ്യാപക പരിശോധനയ്ക്ക് പ്രത്യേക സംഘമൊരുങ്ങി. ഈ മാസം പകുതിയോടെ പരിശോധനയ്ക്ക് തുടക്കമിടാനാണ് നീക്കം.

റേഷൻ കാർഡ് ഉടമകളുടെ അപേക്ഷകളിലുള്ള ഹിയറിംഗ് നടക്കുന്നതിനാൽ നടന്നില്ല. ഈ നടപടിക്രമം പൂർത്തീകരിച്ചാൽ ഉടൻ റെയ്ഡ് സജീവമാക്കും. താലൂക്ക് സപ്‌ളൈ ഓഫീസിൽ നിന്നാണ് സ്‌ക്വാഡുകളെ നിയോഗിക്കുക. മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വെച്ചിട്ടുള്ള വീടുകളിലെത്തി പരിശോധന നടത്തി അനർഹമാണെന്ന് കണ്ടാൽ ഉടൻ റേഷൻ കാർഡ് പിടിച്ചെടുക്കും.

മറ്റ് ശിക്ഷാ നടപടികളിലേക്ക് പെട്ടെന്ന് കടക്കും. റേഷൻകടകളിൽ നിന്ന് മുൻഗണനാ കാർഡുടമകളുടെ വിവരം ശേഖരിക്കും. അനർഹർ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരുടെയും പൊതുപ്രവർത്തകരുടെയും പൊതുജനങ്ങളുടേയും സജീവ ഇടപെടലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ആവശ്യപ്പെടുന്നത്.

നിത്യവും വലച്ച് സെർവർ

സൗജന്യകിറ്റ്, റേഷൻ എന്നിവയുടെ വിതരണം പുരോഗമിക്കുന്നതിനിടെ അടിക്കടിയുണ്ടാവുന്ന സെർവർ തകരാർ ജനങ്ങളെ വലയ്ക്കുന്നുണ്ട്. പലയിടങ്ങളിലും റേഷൻ വിതരണം പാതിവഴിയിലാണ്. കടകൾക്ക് മുന്നിൽ വൻതിരക്കുണ്ട്. ഇത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി തവണ സെർവർ പണിമുടക്കിയിരുന്നു.

ഓണമാകുമ്പോഴേയ്ക്കും റേഷൻ കടകളിൽ ഇനിയും തിരക്കേറും.

കമ്മിഷൻ കിട്ടിയില്ലെന്ന്

സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണത്തിന് പ്രഖ്യാപിച്ച കമ്മിഷൻ കിട്ടിയില്ലെന്ന് വ്യാപാരികൾ. എന്നാൽ മുടക്കമുണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ വർഷം ഏപ്രിൽ മുതലാണ് സംസ്ഥാനത്ത് റേഷൻ കടകൾ വഴി സൗജന്യ കിറ്റ് വിതരണം തുടങ്ങിയത്. കിറ്റുകൾ സൂക്ഷിക്കാൻ പല വ്യാപാരികൾക്കും അധിക മുറികൾ കണ്ടെത്തേണ്ടി വന്നിരുന്നു. വിതരണത്തിന് സഹായികളെയും ഏർപ്പാട് ചെയ്തവരുണ്ട്.

നാളെ മുതൽ ഓണക്കിറ്റ്

പ്രത്യേക ഓണക്കിറ്റ് വിതരണം 31ന് ആരംഭിക്കും. റേഷൻ കടകൾ വഴി എല്ലാ വിഭാഗം കാർഡുടമകൾക്കും കിറ്റ് ലഭിക്കും. എ.എ.വൈ (മഞ്ഞ) വിഭാഗത്തിന് 31, ആഗസ്റ്റ് 2, 3 തിയതിയിലും പി.എച്ച്.എച്ച് (പിങ്ക്) വിഭാഗത്തിന് ആഗസ്ത് 4 മുതൽ 7 വരെ എൻ.പി.എസ് (നീല) വിഭാഗത്തിന് ആഗസ്റ്റ് 9 മുതൽ 12 വരെയും എൻ.പി.എൻ.എസ് (വെള്ള) വിഭാഗത്തിന് ആഗസ്റ്റ് 13 മുതൽ 16 വരെയുമാണ് കിറ്റ് വിതരണം. ആഗസ്റ്റ് പത്തിന് ഓണച്ചന്ത തുടങ്ങും. ഇത് പത്ത് ദിവസം പ്രവർത്തിക്കും. നിയോജക മണ്ഡലാടിസ്ഥാനത്തിൽ 16 മുതൽ അഞ്ച് ദിവസം ഓണച്ചന്ത ഉണ്ടാകും. ഓണത്തിന് മുൻഗണനാ വിഭാഗക്കാർക്ക് ഒരു ലിറ്ററും മറ്റ് വിഭാഗങ്ങൾക്ക് അരലിറ്റർ മണ്ണെണ്ണയും നൽകും.

15 ഭക്ഷ്യവസ്തുക്കളും തുണിസഞ്ചിയും

പായസത്തിന് ആവശ്യമായ സേമിയ അല്ലെങ്കിൽ പാലട, കശുവണ്ടി, ഏലയ്ക്ക, നെയ്യ് എന്നിവയ്ക്ക് പുറമേ ഒരു കിലോ പഞ്ചസാരയും അരലിറ്റർ വെളിച്ചെണ്ണയും ഒരു കിലോ ആട്ടയും കിറ്റിലുണ്ടാകും. പഴയ സ്റ്റോക്കിലുള്ള സാധനം കിറ്റിൽ ഉൾപ്പെടുത്തരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ഇപ്പോഴും നിരവധി പേർ റേഷൻ കാർഡ് സറണ്ടർ ചെയ്യാനായി അപേക്ഷ സമർപ്പിക്കുന്നുണ്ട്. എന്തായാലും ഉടൻ റെയ്ഡ് ശക്തമാക്കാനാണ് തീരുമാനം.

ടി. അയ്യപ്പദാസ്
ജില്ലാ സപ്ലൈ ഓഫീസർ.

Advertisement
Advertisement