യെദിയൂരപ്പയുടെ മകനെ ഉപമുഖ്യമന്ത്രിയാക്കില്ലെന്ന് സൂചന

Friday 30 July 2021 12:57 AM IST

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്രയെ ഉപമുഖ്യമന്ത്രിയാക്കുന്നതിനോട് കർണാടക ബി.ജെ.പിയിൽ വലിയൊരു വിഭാഗം അനുകൂലിച്ചില്ലെന്ന് സൂചന. അതിനിടെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ബസവരാജ് ബൊമ്മൈ ഇന്ന് ഡൽഹിയിലെത്തും.

രാജിക്കു മുമ്പായി തന്റെ മകനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം യെദിയൂരപ്പ കേന്ദ്ര നേതൃത്വത്തിന് മുന്നിൽ വച്ചിരുന്നു. എന്നാൽ വിജയേന്ദ്ര മുമ്പ് നടത്തിയ ഇടപെടലുകളും അഴിമതി ആരോപണങ്ങളും കാരണം കേന്ദ്ര നേതൃത്വം ഉറപ്പൊന്നും നൽകിയിരുന്നില്ല. അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കുന്നതിനോട് ഭൂരിപക്ഷം ബി.ജെ.പി എം.എൽ.എമാരും യോജിക്കുന്നുമില്ല. പിതാവിന് പിന്നാലെ മകന് സ്ഥാനം നൽകുന്നത് കോൺഗ്രസിലെ കുടുംബവാഴ്ചയെ എതിർക്കുന്ന ബി.ജെ.പിക്ക് ചേരില്ലെന്ന അഭിപ്രായമാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. യെദിയൂരപ്പയുടെ മൂത്ത മകൻ ബി.വൈ. രാഘവേന്ദ്ര എം. പിയാണ്.

മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ ഡൽഹി സന്ദർശനത്തിൽ ബൊമ്മൈ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരെ കാണും. ഡൽഹി സന്ദർശനത്തിന് ശേഷമായിരിക്കും ബൊമ്മൈ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിക്കുക.

Advertisement
Advertisement