റേഷൻകിറ്റുകളിൽ മോദിയുടെ ഫോട്ടോ പതിക്കാനൊരുങ്ങി മദ്ധ്യപ്രദേശ് സർക്കാർ, എതിർപ്പുമായി കോൺഗ്രസ്

Friday 30 July 2021 12:02 AM IST

ഭോപ്പാൽ: സർക്കാർ വിതരണം ചെയ്യുന്ന റേഷൻ കിറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും ചിത്രം പതിക്കാനൊരുങ്ങി മദ്ധ്യപ്രദേശ് സർക്കാർ.

അർഹരായ ഗുണഭോക്താക്കളുടെ ചെലവിൽ ബി.ജെ.പി നേതാക്കളെ വ്യക്തിപരമായി ബ്രാൻഡ് ചെയ്യാനുള്ള നീക്കമാണിതെന്ന് കോൺഗ്രസ് വിമർശിച്ചു.

അർഹരായവർക്ക് സൗജന്യറേഷൻ നൽകുന്നതിൽ പരാജയപ്പെട്ട ബി.ജെ.പി സർക്കാർ പൊതു വിതരണ സംവിധാനത്തെ പി.ആർ വർക്കിന് ഉപയോഗിക്കുന്നുവെന്നും അതിനുവേണ്ടിയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും കോൺഗ്രസ് എം.എൽ.എ പി.സി. ശർമ കുറ്റപ്പെടുത്തി.
ആഗസ്റ്റ് ഏഴു മുതൽ 'അന്ന ഉത്സവ്' നടത്താനും ഈ ചടങ്ങിനെ നരേന്ദ്രമോദി ഓൺലൈനിൽ അഭിസംബോധന ചെയ്യാനും സംസ്ഥാന സർക്കാർ പദ്ധതിയിട്ടിരുന്നു. 25,435 പൊതുവിതരണ സംവിധാനം വഴി അർഹരായ 100 ഗുണഭോക്താക്കൾക്ക് വീതം ബാഗുകളിൽ റേഷൻ നൽകാനാണ് തീരുമാനമെന്ന് പൊതു വിതരണവിഭാഗം ഉദ്യോഗസ്ഥൻ അറിയിച്ചു. രണ്ടു മാസത്തേക്ക് വിതരണം ചെയ്യാനുള്ള റേഷൻ കേന്ദ്രവും മൂന്നു മാസത്തേക്കുള്ളത് സംസ്ഥാന സർക്കാരുമാണ് നൽകുന്നതെന്നാണ് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫോട്ടോകൾ പതിപ്പിക്കുന്നതിന് ന്യായീകരണമായി പറയുന്നത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും സംസ്ഥാന ഭക്ഷ്യമന്ത്രിയും സമാനമായ രീതിയിൽ റേഷൻ കിറ്റുകളിൽ ഫോട്ടോ പതിപ്പിച്ചതും മദ്ധ്യപ്രദേശ് ഭക്ഷ്യ സിവിൽ സപ്ളൈസ് മന്ത്രി ബിസാഹുലാൽ സിംഗ് ചൂണ്ടിക്കാട്ടി.

Advertisement
Advertisement