അവരെ ഇങ്ങനെ വലയ്ക്കരുത്

Friday 30 July 2021 12:30 AM IST

ചൈനയിലും റഷ്യയിലും മറ്റും പോയി മെഡിസിൻ പഠനം നടത്തുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുള്ള സ്ഥലമാണ് കേരളം. ഇവർ ആ രാജ്യങ്ങളിൽ പോയി പഠിക്കുന്നത് വലിയ പണക്കാരായതുകൊണ്ടല്ല. അതിസമ്പന്നരുടെ മക്കൾക്ക് ഇവിടെത്തന്നെയുള്ള സ്വകാര്യ മെഡിക്കൽ കോളേജുകളിൽ വമ്പിച്ച ഫീസ് നൽകി പഠിക്കാൻ പറ്റുന്നതേയുള്ളൂ. നാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസ് നിരക്കിനെ അപേക്ഷിച്ച് കുറഞ്ഞ ഫീസാണ് വിദേശങ്ങളിലെ മെഡിക്കൽ കോളേജുകളിൽ. ഇതാണ് ശരാശരി കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾ പോലും കടംവാങ്ങിയും വായ്‌പയെടുത്തും മറ്റും വിദേശത്ത് മെഡിസിൻ പഠനത്തിന് പോകാൻ കാരണം. കൊവിഡ് കാലത്ത് ഈ പഠനം അവരെ പലരീതിയിൽ വലച്ചിട്ടുണ്ട്. ഇവിടെ വന്നവർക്ക് തിരിച്ചുപോകാൻ കഴിയാതെയും മറ്റും ബുദ്ധിമുട്ടുന്നു. മറ്റു രാജ്യങ്ങളിൽ പോയി പഠിക്കേണ്ടിവരുന്നവർ നേരിടേണ്ട വൈതരണികൾ പലതാണ്. ഭാഷയും കാലാവസ്ഥയുമൊക്കെ വലയ്ക്കും. പഠനം പൂർത്തിയായി തിരിച്ചെത്തിയാലും പല കടമ്പകൾ കടക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാർ നടത്തുന്ന പരീക്ഷ പാസാകണം. അത് പാസായാൽ മാത്രമേ സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യാൻ കഴിയൂ. വ്യാജ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നവർക്കൊന്നും ആ പരീക്ഷ അങ്ങനെ പാസാകാൻ കഴിയില്ല. സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഇവർക്ക് താത്കാലിക പ്രൊഫഷണൽ നമ്പർ ലഭിക്കും. അതു കിട്ടിയാൽ മാത്രമേ ഇവിടെ ഒരുവർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ കഴിയൂ. ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നത് ട്രെയിനിംഗ് പൂർത്തിയാക്കുന്ന സ്ഥലത്തെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരാണ്. അതു ലഭിക്കാൻ തന്നെ രണ്ടുംമൂന്നും മാസം താമസിക്കുമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. അതുകഴിഞ്ഞ് എല്ലാ പേപ്പറുകളും മെഡിക്കൽ കൗൺസിലിൽ സമർപ്പിക്കണം. അവർ വിശദമായ പരിശോധന നടത്തിയാണ് പെർമനന്റ് രജിസ്ട്രേഷൻ നമ്പർ കൊടുക്കുന്നത്. അതു കഴിഞ്ഞാലേ വിദേശത്ത് പഠിച്ച മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇവിടെ ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യാനും ജോലിക്ക് അപേക്ഷിക്കാനും കഴിയൂ. ഇങ്ങനെ പെർമനന്റ് രജിസ്ട്രേഷന് അപേക്ഷിച്ചവരെ മാസങ്ങളായി നടത്തി വലയ്ക്കുന്നതായി, 'പഠിച്ചത് മറന്നാലും രജിസ്ട്രേഷനില്ല, തൊഴിലും' എന്ന തലക്കെട്ടിൽ കെ.എസ്. അരവിന്ദ് എഴുതിയ പ്രത്യേക വാർത്ത ഞങ്ങൾ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. പഠനം കഴിഞ്ഞെത്തി രണ്ടുവർഷമായിട്ടും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷനുവേണ്ടി മെഡിക്കൽ വിദ്യാർത്ഥികൾ നെട്ടോട്ടമോടുന്നു എന്നതാണ് വാർത്തയുടെ ഉള്ളടക്കം.

കടത്തിൽ മുങ്ങി പഠിച്ചവർക്ക് ജോലി ലഭിച്ചാലേ ബാദ്ധ്യത തീർക്കാനാവൂ. രജിസ്ട്രേഷൻ അനന്തമായി നീളുന്നതിനാൽ അതിനു കഴിയുന്നില്ല.

കൊവിഡിൽ തലചാരി തലയൂരുന്ന ടി.സി.എം.സി അധികൃതർ രജിസ്ട്രേഷൻ എപ്പോൾ നൽകുമെന്നു പോലും വ്യക്തമായി പറയുന്നില്ല. വിദേശത്തുനിന്ന് വ്യാജ ബിരുദം നേടി പലരുമെത്തുന്നുണ്ടെന്നും സൂക്ഷ്മപരിശോധനയിലൂടെയേ ഇത് കണ്ടെത്താൻ കഴിയൂ എന്നുമാണ് ടി.സി.എം.സി രജിസ്ട്രാർ പറയുന്നത്. ഒന്നോ രണ്ടോ വ്യാജന്മാരുടെ പേരുപറഞ്ഞ് 99 ശതമാനം പേരുടെയും വഴിമുടക്കുന്ന സ്ഥിരം മുടന്തൻ ന്യായമാണിത്. കൊവിഡിന്റെ കാര്യം മാത്രമല്ല ഇതുപോലുള്ള കാര്യങ്ങളിലും ആരോഗ്യമന്ത്രി ശ്രദ്ധപതിപ്പിക്കണം.

Advertisement
Advertisement