കാത്തിരിപ്പിന് വിരാമം, ശ്രീകാര്യം ഫ്ലൈഓവർ യാഥാർത്ഥ്യത്തിലേക്ക്

Friday 30 July 2021 12:33 AM IST

 ഭൂ ഉടമകൾക്കുള്ള നഷ്ടപരിഹാരത്തുക ഉടൻ കൈമാറും

ശ്രീകാര്യം: തലസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ ലൈറ്റ് മെട്രോ പദ്ധതിക്ക് മുന്നോടിയായി ശ്രീകാര്യം ജംഗ്ഷനിൽ നിർമ്മിക്കുന്ന നാലുവരി ഫ്ലൈഓവറിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷ. പദ്ധതിയുടെ പ്രധാന കടമ്പയായ സ്ഥലമേറ്റെടുപ്പ് അവസാനഘട്ടത്തിലേക്ക് കടന്നതോടെ പദ്ധതിക്ക് വീണ്ടും ജീവൻ വച്ചു. ഭൂ ഉടമകളുമായി റവന്യൂ അധികൃതർ കഴിഞ്ഞ ദിവസം ഗൂഗിൾ മീറ്റ് വഴി അവസാനവട്ട ചർച്ച നടത്തിയിരുന്നു.

സ്ഥലം വിട്ടുനൽകുന്ന സ്ഥല ഉടമകൾക്ക് സെന്റിന് 21.6 ലക്ഷവും കെട്ടിടങ്ങൾക്ക് സ്‌ക്വയർ ഫീറ്റിന് ആകർഷകമായ വിലയിടാനും കടകളിലെ കച്ചവടകാർക്കും ജീവനക്കാർക്കും നഷ്ടപരിഹാരം ഉൾപ്പെടെയുള്ള പാക്കേജിനും സർക്കാർ സന്നദ്ധത അറിയിച്ചെങ്കിലും സെന്റിന് 40 ലക്ഷം വേണമെന്നാണ് ഉടമകൾ ആവശ്യപ്പെട്ടത്. ഉടമകളുമായുള്ള ചർച്ചകൾ തുടരുന്നതായും ഏതാനും ദിവസങ്ങൾക്കുള്ളിൽ പണം കൈമാറാനാകുമെന്നും റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു.

ചെറുവയ്‌ക്കൽ, ഉള്ളൂർ, പാങ്ങപ്പാറ വില്ലേജുകളിലായി 1.34 ഹെക്ടർ ഭൂമിയാണ് ശ്രീകാര്യം ഫ്ലൈ ഓവറിനായി ഏറ്റെടുക്കുന്നത്. കച്ചവട സ്ഥാപനങ്ങളും റസിഡൻഷ്യൽ ബിൽഡിംഗുകളും സാംസ്‌കാരിക നിലയങ്ങളും ഉൾപ്പെടെ 130 പേരാണ് ഭൂമി വിട്ടുനൽകുന്നത്. 135.37 കോടിയാണ് ആകെ ചെലവ്. സ്ഥലം ഏറ്റെടുക്കലിന് മാത്രം 81.5 കോടി മാറ്റിവച്ചിട്ടുണ്ട്. നാലുവരിയായി നിർമ്മിക്കുന്ന ഫ്ളൈ ഓവറിന്റെ ആകെ നീളം 535 മീറ്ററാണ്. ഇരുവശങ്ങളിലുമായി 15 മീറ്റർ വീതിയിലാണ് നിർമ്മാണം. ഫ്ളൈ ഓവറിന് സമാന്തരമായി താഴെ 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുകളും ഉണ്ടാകും.

ഏറ്റെടുക്കുന്നത് - 1.34 ഹെക്ടർ ഭൂമി

പദ്ധതിത്തുക - 135.37 കോടി രൂപ

ഭൂമി വിട്ടുനൽകുന്നത് 130 പേർ

ഫ്ളൈ ഓവറിന്റെ ആകെ നീളം - 535 മീറ്റർ

തലസ്ഥാനത്തിന് നേട്ടമാകും

-----------------------------------------------

ദേശീയപാത വികസനവും ടെക്നോപാർക്കിന്റെ മൂന്നാം ഘട്ടവും ടെക്നോസിറ്റിയുടെ വരവും തലസ്ഥാന നഗരത്തിന്റെ വികസനത്തിൽ വലിയ മാറ്റമുണ്ടാക്കും. ഫ്ലൈഓവർ വരുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. ലൈറ്റ് മെട്രോയുടെ ഭാഗമായാണ് ശ്രീകാര്യം, പട്ടം, ഉള്ളൂർ എന്നിവിടങ്ങളിൽ ഫ്ളൈഓവറുകൾ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ 2016ൽ ഭരണാനുമതി നൽകിയത്. ഇതിനായി 272 .84 കോടി രൂപ അനുവദിക്കുകയും ചെയ്‌തു. എന്നാൽ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്ങ്ങളെ തുടർന്ന് പദ്ധതി നീളുകയായിരുന്നു.

ഭൂഉടമകൾക്കും കച്ചവടക്കാർക്കും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം. സമീപ

സ്ഥലങ്ങളുടെ വിപണി വില കണക്കാക്കുമ്പോൾ ന്യായമായ പരിഗണന ലഭിക്കണം.

അജിത്ത് ലാൽ (വ്യാപാരി വ്യവസായി സമിതി

ശ്രീകാര്യം യൂണിറ്റ് സെക്രട്ടറി )

Advertisement
Advertisement