കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ നിർണായക കണ്ടെത്തൽ നടത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

Friday 30 July 2021 11:53 AM IST

ന്യൂഡൽഹി: കൊവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തിൽ നിർണായക കണ്ടുപിടിത്തവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ. കൊവിഡ് വൈറസിന് നിരന്തരം വകഭേദങ്ങൾ ഉണ്ടാകുന്നതിന്റെ കാരണമാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. ഒരു മനുഷ്യനിൽ പ്രവേശിക്കുന്ന കൊവിഡ് വൈറസ് ആ വ്യക്തിയുടെ ജനിതകപരമായ പ്രത്യേകതകളെ ഉൾകൊണ്ട് പുതിയ വൈറസായി പുറത്തേക്ക് വരുന്നതായാണ് പഠനത്തിൽ കണ്ടെത്തിയിരിത്തുന്നത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജി (സി സി എം ബി), അക്കാദമി ഫോർ സയന്റിഫിക് ആൻഡ് ഇന്നൊവേറ്റീവ് റിസർച്ച്, ഗാസിയാബാദ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസസ്, ഭുവനേശ്വർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി (സി‌ എസ്‌ ഐ ആർ - ഐ ജി ഐ ബി), ദില്ലി, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ , ന്യൂഡൽഹി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ജോധ്പൂർ എന്നീ ഗവേഷണ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടുപിടുത്തം. എന്നാൽ ഇനിയും വിശകലനത്തിന് വിധേയമാക്കേണ്ടതിനാൽ കൊവിഡിന്റെ ചികിത്സയ്ക്കു വേണ്ടി ഈ പഠനത്തിലെ കണ്ടുപിടുത്തം ഉപയോഗിക്കാറായിട്ടില്ലെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ഒരു വൈറസിന് ജനിതകമാറ്റം സംഭവിച്ച വ്യക്തിയേയോ സമൂഹത്തെയോ കണ്ടെത്താൻ സാധിച്ചാൽ പഠനത്തിന് കുറച്ചു കൂടി ആധികാരികത കൈവരുമെന്നും അതിനുള്ള ശ്രമത്തിലാണ് തങ്ങളിപ്പോഴെന്നും അവർ വ്യക്തമാക്കി.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജർമനി, മലേഷ്യ, ചൈന, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള സാംപിളുകളിലാണ് പഠനം നടത്തിയത്. കൊവിഡ് വൈറസിൽ ഇപ്പോൾ ഏറ്റവും കൂടുതൽ അപകടകാരിയായ ഡെൽറ്റ വൈറസിനും കാപ്പാ വൈറസിനും ജനിതക മാറ്റം വരുന്നതിനു മുമ്പ് ഒരേ തരത്തിലുള്ള ജനിതകഘടനയായിരുന്നുവെന്ന് കണ്ടെത്താൻ സാധിച്ചതായി ശാസ്ത്രജ്ഞർ അവകാശപ്പെട്ടു.

Advertisement
Advertisement