സെക്ടറൽ മജിസ്ട്രേട്ടാക്കല്ലേ എന്ന് ജീവനക്കാർ!

Saturday 31 July 2021 12:00 AM IST

കോട്ടയം: കൊവിഡ് മാനദണ്ഡം ലംഘിക്കുന്നവരെ പിടികൂടി പിഴ ഈടാക്കാനും അറസ്റ്റ് ചെയ്യാനും വരെ അധികാരം നൽകി സർക്കാർ നിയോഗിച്ച സെക്ടറൽ മജിസ്ട്രേട്ടുമാർ എന്ന താത്കാലിക പദവിയിൽ നിന്ന് തല ഊരാൻ ജീവനക്കാർ തത്രപ്പെടുന്നു. ജനങ്ങളുടെ എതിർപ്പും, പിഴ ഈടാക്കൽ പലയിടത്തും സംഘർഷത്തിലേക്ക് നീങ്ങുന്നതുമാണ് ഈ ജോലി അനാകർഷകമാക്കി മാറ്റിയത്. അധിക വേതനമില്ലാതെ ചെയ്യുന്ന ഈ അധിക ജോലിയുടെ ടെൻഷൻ ഒഴിവാക്കാൻ അസുഖവും മറ്റു കുടുംബപ്രശ്നങ്ങളും നിരത്തിയും ഉന്നത രാഷ്ട്രീയ ശുപാർശ നടത്തിയും ഒഴിവാകാൻ ശ്രമിക്കുകയാണ് പലരും.

കൊവിഡ് വ്യാപകമായതിനൊപ്പം പ്രധാനമായും ഓഫീസ് ജോലിയില്ലാതെ വീട്ടിലിരിക്കുന്ന സർക്കാർ ജീവനക്കാർക്കാണ് പിഴ ഈടാക്കൽ ജോലി നൽകിയത്. ഒരു മാസം മുതൽ രണ്ടു മാസംവരെയാണ് ഡ്യൂട്ടി. ഡ്രൈവറടക്കം പ്രത്യേകം വാഹനവും സഹായികളും പ്രശ്നമുണ്ടായാൽ പൊലീസ് സഹായവും ലഭിക്കും.

ആളുകൾ കൂട്ടം കൂടുന്നത് തടയുക, സാമൂഹ്യ അകലം പാലിക്കാത്തവരെയും മാസ്ക് ധരിക്കാത്തവരെയും കണ്ടെത്തി പിഴ ഈടാക്കുക തുടങ്ങിയ ജോലിയാണ് സെക്ടറൽ മജിസ്ട്രേട്ട് പദവിയുള്ള ജീവനക്കാരുടേത്. കൊവിഡ് വ്യാപനത്തോടെ ടി.പി.ആർ ഉയർന്ന പ്രദേശങ്ങളിലെ ഓഫീസുകളിൽ പോകാൻ കഴിയാതെ വീട്ടിലിരിക്കുന്ന ഓഫീസർമാർ, സൂപ്രണ്ടുമാർ, അദ്ധ്യാപകർ തുടങ്ങിയവർക്കാണ് പ്രധാനമായും ഡ്യൂട്ടി നൽകിയത്. പിഴ ഈടാക്കിയവരിൽ നിന്ന് മര്യാദയില്ലാത്ത പെരുമാറ്റവും ചീത്തവിളിയും വരെ നേരിടേണ്ടി വന്ന സ്ത്രീ ജീവനക്കാർ ജനങ്ങളുടെ മുഷിച്ചിൽ സമ്പാദിക്കുന്ന പണി വേണ്ടെന്നാണ് പറയുന്നത്.

പിഴ ഈടാക്കൽ തർക്കത്തിനും കൈയാങ്കളിക്കും വരെ കാരണമാകുമെന്നതിനാൽ വനിതാ ജീവനക്കാരെയാണ് കൂടുതൽ നിയമിച്ചിട്ടുള്ളത്. കൊവിഡ് ആശുപത്രി, ക്വാറന്റൈൻ സെന്ററുകൾ, കോൾ സെന്ററുകൾ , പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങൾ തുടങ്ങിയവയുടെ ചുമതലയും ജീവനക്കാർക്ക് നൽകിയിട്ടുണ്ട്..

.

 പൊലീസിനും പിഴ ക്വാട്ടാ

കൊവിഡ് മാനദണ്ഡം പാലിക്കാത്തവരിൽ നിന്ന് യാതൊരു ദാക്ഷിണ്യവും കൂടാതെ പിഴ ഈടാക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്. കൊവിഡിൽ മറ്റു വരുമാന മാർഗങ്ങൾ നിലച്ച സർക്കാരിന്റെ പ്രധാന വരുമാന സ്രോതസായി " കൊവിഡ് പിഴ " മാറിയിട്ടുണ്ട്. രാവിലെ മുതൽ രസീതു കുറ്റിയുമായി പൊലീസ് ഉദ്യോഗസ്ഥർ ഇട‌ വഴികളിൽ പോലും പിരിവിനിറങ്ങിയിരിക്കയാണ്. ഒരാളിൽ നിന്ന് കുറഞ്ഞത് 2000 രൂപയെങ്കിലും പിരിക്കണമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദ്ദേശം.

Advertisement
Advertisement