ഇന്ത്യാ-ചൈന കമാൻഡർ തല ചർച്ച ഇന്ന്

Saturday 31 July 2021 12:01 AM IST

ന്യൂഡൽഹി: ഇന്ത്യയുടെയും ചൈനയുടെയും സൈനിക കമാൻഡർമാർ മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് അതിർത്തിയിലെ മോൾഡോയിൽ കൂടിക്കാഴ്ച നടത്തും. 2020 ഏപ്രിലിൽ ചൈനീസ് സേന ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുകയറ്റം നടത്തിയതിന് ശേഷം നടത്തുന്ന 12-ാമത് ചർച്ചയാണിത്.

ഹോട്ട്സ്‌പ്രിംഗ്സ്, ഗോഗ്ര ഹൈറ്റ്സ് മേഖലകളിൽ നിന്ന് സൈന്യങ്ങളെ പിൻവലിക്കുന്ന വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന. ഇക്കഴിഞ്ഞ ഏപ്രിലിൽ നടന്ന 11-ാം ഘട്ട ചർച്ചയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വിന്യസിച്ച സൈന്യങ്ങളെ പിൻവലിക്കുന്ന കാര്യത്തിൽ ധാരണയായെങ്കിലും നടപടികളുണ്ടായില്ല. എന്നാൽ തർക്കങ്ങളും സംഘർഷവുമില്ലാതെ സമാധാനപരമായാണ് അതിർത്തിയിൽ ഇരുപക്ഷവും നിലകൊള്ളുന്നത്.

കിഴക്കൻ ലഡാക്ക് മേഖലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം ചൈനയുടെ ഭാഗത്തുള്ള മോൾഡോയിൽ ഇന്ന് രാവിലെ 10.30ന് തുടങ്ങുന്ന ചർച്ചയിൽ ലേയിലെ ഫയർ ആൻഡ് ഫ്യൂരി 14-ാം കോർപ്‌സ് മേധാവിയും മലയാളിയുമായ ലെഫ്. ജനറൽ പി.ജി.കെ മേനോൻ ഇന്ത്യൻ സംഘത്തെ നയിക്കും.