പെഗസസ് വിഷയം: ഫോണുകൾ ചോർന്നെന്ന് സ്ഥിരീകരിച്ച് ഫ്രാൻസ്

Saturday 31 July 2021 12:00 AM IST

പാരിസ്: ഇസ്രയേലി ചാര സോഫ്റ്റ്വെയറായ പെഗസസ് ഉപയോഗിച്ച് പ്രമുഖ ലോകനേതാക്കളുടേയും, മാദ്ധ്യമ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെ ഫോണുകൾ ചോർത്തിയിട്ടുണ്ടെന്ന വിവാദങ്ങൾക്കിടെ സംഭവം സ്ഥിരീകരിച്ച് ഫ്രാൻസ്. ഫ്രാൻസിലെ സൈബർ സുരക്ഷാ വിഭാഗമാണ് രണ്ട് ഫ്രഞ്ച് മാദ്ധ്യമപ്രവർത്തകരുടെ ഫോണുകൾ ചോർത്തപ്പെട്ടതായി സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് പെഗസസ് ഉപയോഗിച്ച് ഫോൺ ചോർത്തൽ നടന്നതായി ഒരു രാജ്യത്തെ സർക്കാർ ഏജൻസി സ്ഥിരീകരിക്കുന്നത്. എന്നാൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും ഫ്രാൻസ് സൈബർ സുരക്ഷാ വിഭാഗം പുറത്ത് വിട്ടിട്ടില്ല.

ഫ്രഞ്ച് സൈബർ വിഭാഗത്തിന്റെ റിപ്പോർട്ട് പ്രകാരം ഫോൺ ചോർത്തൽ സംബന്ധിച്ച റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാൻ മുൻകൈയെടുത്ത മീഡിയപാർട്ട് എന്ന സ്ഥാപനത്തിലെ രണ്ട് മാദ്ധ്യമപ്രവർത്തകരുടെ ഫോണുകളാണ് ചോർത്തപ്പെട്ടത്. ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്യൂരിറ്റി ലാബ് നടത്തിയ കണ്ടെത്തലുകൾക്ക് സമാനമാണ് ഫ്രഞ്ച് സൈബർ സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തലുകളെന്ന് മീഡിയപാർട്ട് റിപ്പോർട്ട് ചെയ്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ള ലോകനേതാക്കളുടെ ഫോണുകൾ പെഗാസസ് ഉപയോഗിച്ച് ചോർത്തിയെന്ന റിപ്പോർട്ട് വളരെയേറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഫ്രാൻസ്.

ഇന്ത്യ ഉൾപ്പെടെ നിരവധി ലോകരാജ്യങ്ങളിലെ നേതാക്കളുടെയും മാദ്ധ്യമപ്രവർത്തകരുടയും മുതിർന്ന ഉദ്യോഗസ്ഥരുടെയും ഫോണുകൾ പെഗസസ് ഉപയോഗിച്ച് ചോർത്തിയെന്ന് ദിവസങ്ങൾക്ക് മുൻപ് മീഡിയപാർട്ട് അടക്കമുള്ള 17 മാദ്ധ്യമസ്ഥാപനങ്ങൾ സംയുക്തമായി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യൻ മാദ്ധ്യമമായ ദി വയറും അന്വേഷണ പരമ്പരയുടെ ഭാഗമായിരുന്നു.

അതേ സമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഫോൺ ചോർത്തൽ വിഷയം ഇസ്രയേൽ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭത്തിൽ വിശദമായ അന്വേഷണം നടത്തി വരുകയാണെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ബെന്നി ഗാൻസ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർളിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ഇരുവരും പാരിസിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിൽ എൻ.എസ്.ഒ വിഷയം മുഖ്യ ചർച്ചാ വിഷയമായിരുന്നു. എൻ. എസ്.ഒയുടെ ഓഫീസിൽ സർക്കാർ അന്വേഷണ ഉദ്യോഗസ്ഥർ സന്ദർശിച്ചെന്നും വിഷയത്തിൽ നീതിയുക്തമായ അന്വേഷണം ഇസ്രയേലിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് പാർളിയ്ക്ക് ഉറപ്പ് നല്കിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇസ്രയേലി കമ്പനിയായ എൻ.എസ്.ഒ വികസിപ്പിച്ച പെഗസസ് സോഫ്റ്റ്ർവെയർ നിബന്ധനങ്ങൾക്ക് വിധേയമായി അംഗീകൃത സർക്കാരുകൾക്ക് മാത്രമേ നല്കാറുള്ളൂവെന്നാണ് കമ്പനിയുടെ വാദം.

Advertisement
Advertisement