കുതിരാൻ ടണൽ: സുരക്ഷാ ചുമതല ദേശീയപാതാ അധികൃതർക്ക്

Saturday 31 July 2021 12:00 AM IST

തൃശൂർ: കുതിരാൻ ടണലിന്റെ സുരക്ഷാ ചുമതല പൂർണ്ണമായും ദേശീയപാത അധികൃതരുടെ തലയിൽ. നിർമ്മാണം പൂർത്തിയായെന്ന് കരാർ കമ്പനി പറഞ്ഞെങ്കിലും എതെങ്കിലും വിധത്തിൽ അപകടങ്ങൾ സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ദേശിയപാത അധികൃതരിൽ ആയിരിക്കും. ടണൽ നിർമ്മാണത്തിന്റെ കരാർ ദേശീയപാത അധികൃതരും കെ.എം.സി കമ്പനിയും തമ്മിലാണ്. അതിനാൽ എന്തെങ്കിലും സംഭവിച്ചാൽ സംസ്ഥാന സർക്കാരല്ല മറുപടി പറയേണ്ടത് എന്നതിനാലാണ് സുരക്ഷാ സർട്ടിഫിക്കറ്റ് നൽകുന്നതിൽ കാലതാമസമെന്നും ദേശീയപാത അധികൃതരുമായി ബന്ധപ്പെട്ടവർ പറയുന്നു.

കഴിഞ്ഞ 24,25,26 തിയതികളിൽ ദേശീയപാതാ അധികൃതർ കുതിരാനിൽ വിശദമായ പരിശോധന നടത്തിയിരുന്നു. ടണലിനുള്ളിൽ 570 മീറ്റർ നീളത്തിൽ ഉരുക്കുപാളികൾ കമാനാകൃതിയിൽ ഘടിപ്പിക്കണമെന്നും മലയിൽ നിന്നുള്ള വെള്ളത്തിന്റെ ചോർച്ചയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നുമുള്ള നിർദ്ദേശമാണ് അന്ന് പ്രധാനമായും നൽകിയിരുന്നത്. ബാക്കി പ്രവർത്തനങ്ങളിൽ അവർ തൃപ്തരാണെന്നാണ് അറിയാൻ കഴിഞ്ഞത്. അതേ സമയം എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമെ സുരക്ഷാ സർട്ടിഫിക്കറ്റ് നൽകേണ്ടതുള്ളവെന്ന തീരുമാനത്തിലാണ് അവർ. ശക്തമായ മഴ മാറിയ ശേഷം മതി തുറന്ന് കൊടുക്കൽ എന്ന ആലോചനയും ഉണ്ട്. ഇതിനിടെ നേരത്തെ ടണൽ നിർമ്മാണത്തിന്റെ 90 ശതമാനത്തോളം പ്രവർത്തനങ്ങളും നടത്തിയ പ്രഗതി കമ്പനിക്കാർ ഉയർത്തിയ സുരക്ഷാ പ്രശ്‌നവും ദേശീയ പാത അധികൃതർ പരിശോധിച്ചേക്കും. ധൃതിപിടിച്ച് തീരുമാനം വേണ്ട എന്ന നിലപാടാണ് ഉള്ളതെന്നും അറിയുന്നു.

തീരുമാനിക്കാൻ ദേശായപാതാ അധികൃതർ

എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമെ സുരക്ഷാ സർട്ടിഫിക്കറ്റ് നൽകേണ്ടതുള്ളവെന്ന തീരുമാനത്തിൽ ദേശീയപാതാ അധികൃതർ

ടണൽ നിർമ്മാണത്തിന്റെ 90% പ്രവർത്തനങ്ങളും നടത്തിയ പ്രഗതി കമ്പനിക്കാർ ഉയർത്തിയ സുരക്ഷാ പ്രശ്‌നവും പരിശോധിച്ചേക്കും

തുറന്നുകൊടുക്കൽ തീരുമാനം ധൃതിപിടിച്ച് വേണ്ടെന്ന്


പ്രതീക്ഷയോടെ സംസ്ഥാന സർക്കാർ

നിർമ്മാണം പൂർത്തിയായ സ്ഥിതിക്ക് ടണൽ ഉടൻ തുറന്ന് കിട്ടുമെന്ന പ്രതീക്ഷയാണ് സംസ്ഥാന സർക്കാരിനുള്ളത്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആഗസ്റ്റ് ഒന്നിന് ഒരു ടണൽ തുറക്കുമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ചുള്ള പ്രവർത്തനമാണ് കുതിരാനിൽ നടത്തിയിരുന്നത്. 300 ഓളം തൊഴിലാളികളാണ് കഴിഞ്ഞ രണ്ട് മാസക്കാലത്തോളം രാപ്പകൽ വിത്യാസമില്ലാതെ ടണൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ആഗസ്റ്റ് ഒന്ന് എന്നതിന് പകരം ആഗസ്റ്റിൽ എന്നാണ് മന്ത്രി പറഞ്ഞത്. ദേശീയ പാത അധികൃതരിൽ നിന്ന് വ്യക്തമായ ഉറപ്പ് ലഭിക്കാത്തതാണ് ഇതിന് കാരണമെന്നാണ് നിഗമനം.

രണ്ടിന് അവസാന വട്ട ട്രയൽ നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. തുടർന്ന് ഇന്നലെ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഒന്നാം തിയതി തുറന്നു കൊടുക്കാമെന്ന കണക്കുക്കൂട്ടലാണ് സംസ്ഥാന സർക്കാരിനുണ്ടായിരുന്നത്. കുതിരാൻ മലയിൽ നിന്ന് മഴവെള്ളം ടണലിന്റെ പാതയിലേക്ക് കുത്തിയൊഴുകാതിരിക്കാൻ വിപുലമായ സംവിധാനമാണ് തയ്യാറാക്കിയിരുന്നതെന്ന് കെ.എം.സി അധികൃതർ പറഞ്ഞു. പാലക്കാട് ഭാഗത്ത് മണ്ണിടിച്ചിൽ തടയുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അതേസമയം തൃശൂർ ഭാഗത്ത് നിന്ന് ടണലിന് ഉള്ളിലേക്ക് വരുന്ന ഭാഗത്ത് സുരക്ഷാ സംവിധാനത്തിൽ അൽപ്പം ആശങ്ക കരാർ കമ്പനിക്കാർ തന്നെ പറയുന്നുണ്ട്. മലയിൽ നിന്ന് കുത്തിവീഴുന്ന വെള്ളം റോഡിലേക്ക് വരാത്ത വിധം ഒഴുകി പോകുന്നതിനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്. ടണലിന്റെ കിഴക്ക് ഭാഗത്ത് കേരള മാതൃകയിൽ കവാടം ഒരുങ്ങി കഴിഞ്ഞു. അപ്രോച്ച് റോഡിന്റെ ഇരുവശവും ടൈലുകൾ പാകിയിട്ടുണ്ട്.

Advertisement
Advertisement