ഐ.എൻ.എല്ലിനോട് സി.പി.എം രണ്ടായി നിന്നാൽ മുന്നണിയിൽ പറ്റില്ല

Saturday 31 July 2021 12:18 AM IST

തിരുവനന്തപുരം: ഇരുവിഭാഗങ്ങളായി പിളർന്നു നിൽക്കുന്ന ഐ.എൻ.എൽ സംസ്ഥാന ഘടകം ഒരുമിച്ച് നിന്നില്ലെങ്കിൽ കടുത്ത നിലപാടിലേക്ക് പോകേണ്ടി വരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ഇരുവിഭാഗങ്ങളോടും ഇക്കാര്യം കർശനമായി ആവശ്യപ്പെടാനാണ് ഇന്നലെ സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനം. ഇരുകൂട്ടരും ഒത്തുതീർപ്പിന്റെ വഴി തേടണം. രണ്ട് പാർട്ടികളെന്ന നിലയിൽ മുന്നണിയിൽ പറ്റില്ലെന്ന സന്ദേശമാണ് സി.പി.എം നേതൃത്വം നൽകിയത്.

രണ്ട് ദിവസമായി തലസ്ഥാനത്തുണ്ടായിരുന്ന മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.പി. അബ്ദുൾ വഹാബ് സി.പി.എം സന്ദേശം വ്യക്തമായതിനെ തുടർന്ന് ഇന്നലെ അനുരഞ്ജനത്തിന്റെ വഴി തേടി അതിരാവിലെ തൈക്കാട് ഗസ്റ്റ്ഹൗസിൽ മന്ത്രി അഹമ്മദ് ദേവർകോവിലുമായി കൂടിക്കാഴ്ച നടത്തി. പാർട്ടി ദേശീയ സെക്രട്ടറിയായ ദേവർകോവിലിന്റെ പിന്തുണ കാസിം പക്ഷത്തിനാണെന്നാണ് സൂചന. അഖിലേന്ത്യ നേതൃത്വവും കാസിം പക്ഷത്തെയാണ് അംഗീകരിക്കുന്നത്.

ഇന്നലെ വൈകിട്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമായും അബ്ദുൾ വഹാബ് ചർച്ച നടത്തി. അഭിപ്രായ ഭിന്നത കടുത്തപ്പോൾ തന്നെ ഇരുകൂട്ടരെയും വിളിച്ച് മുന്നറിയിപ്പ് തന്നിട്ടും പിളർന്നതിലുള്ള നീരസം കോടിയേരി പ്രകടിപ്പിച്ചു. കാൽനൂറ്റാണ്ടിലധികമായി മുന്നണിക്കൊപ്പം ഉറച്ചുനിന്ന പാർട്ടിയെന്ന വിശ്വാസത്തിലാണ് മുന്നണിയിലുൾപ്പെടുത്തിയതെന്നും ആ വിശ്വാസത്തെ തകർക്കുന്ന ഇടപെടൽ പാടില്ലെന്നും കോടിയേരി ആവർത്തിച്ചു. ഇരുകൂട്ടരും ഒന്നിച്ചില്ലെങ്കിൽ മുന്നണിക്ക് പുനരാലോചന വേണ്ടിവരുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

പാർട്ടിയെ ഒരുമിപ്പിച്ച് കൊണ്ടുപോകുന്നതിന് മന്ത്രി മുൻകൈയെടുക്കണമെന്ന ആവശ്യമാണ് അബ്ദുൾ വഹാബ് ഇന്നലെ മന്ത്രി ദേവർകോവിലിനോട് ആവശ്യപ്പെട്ടത്. അഖിലേന്ത്യാ നേതൃത്വത്തിന്റെ ഭാഗമായതിനാൽ അവരുടെ നിർദ്ദേശമനുസരിച്ച് കാര്യങ്ങളാകാമെന്ന അഭിപ്രായമാണ് മന്ത്രിക്കുള്ളതെന്നറിയുന്നു. ഒത്തുതീർപ്പ് ചർച്ചയ്ക്കുള്ള വഴി അദ്ദേഹം അടയ്ക്കുന്നില്ല. അതേസമയം, മുസ്ലിം ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിൽ മന്ത്രിയെ തൽക്കാലം മാറ്റാനിടയില്ല. എല്ലാ വിഷയങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അബ്ദുൾ വഹാബ് പറഞ്ഞു. പാർട്ടി ഒന്നിച്ച് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി ദേവർകോവിലും വ്യക്തമാക്കി.

നിയമസഭാ കൈയാങ്കളിക്കേസ് വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടി രാജി വയ്ക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് സി.പി.എമ്മിന്റെയും നിലപാട്. സഹകരണമേഖലയിൽ പാർട്ടിയുടെ നിരീക്ഷണം ശക്തമാക്കാനുള്ള ഇടപെടലിന് സി.പി.എം സെക്രട്ടേറിയറ്റ് നിർദ്ദേശം നൽകി.