പിന്നാക്ക സംവരണം: കൂടുതൽ നേട്ടം മെഡി. പി.ജി പഠനത്തിന്

Saturday 31 July 2021 12:32 AM IST

കൊച്ചി: മെഡിക്കൽ, ഡെന്റൽ സീറ്റുകളിലെ അഖിലേന്ത്യാ ക്വാട്ടയിൽ പിന്നാക്ക സമുദായങ്ങൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം ഏറ്റവുമധികം പ്രയോജനപ്പെടുക ബിരുദാനന്തര ബിരുദം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക്. കൂടുതൽ പി.ജി സീറ്റുകൾ അനുവദിക്കാനും, പിന്നാക്ക സംവരണം 27 ശതമാനമാക്കി വർദ്ധിപ്പിക്കാനും സംസ്ഥാന സർക്കാർ തയ്യാറായാൽ കേരളത്തിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് വലിയ നേട്ടമാകും.

സർക്കാർ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിൽ 15 ശതമാനമാണ് കേന്ദ്രവിഹിതം. ബിരുദാനന്തര ബിരുദ കോഴ്സുകളിൽ 50 ശതമാനവും കേന്ദ്ര വിഹിതമാണ്. സർക്കാർ സീറ്റിന്റെ എണ്ണക്കുറവും സ്വാശ്രയമേഖലയിലെ ഉയർന്ന ഫീസും പാവപ്പെട്ട പിന്നാക്ക വിഭാഗം വിദ്യാർത്ഥികളുടെ പി.ജി പഠനത്തിന് പ്രതിബന്ധമാണ്.

കേന്ദ്ര തീരുമാനം കേരളത്തിൽ ഗുണകരമാകാൻ രണ്ടു നടപടികൾ സ്വീകരിക്കണമെന്ന് വിദഗ്ദ്ധർ നിർദേശിക്കുന്നു. കേരളത്തിൽ പി.ജി കോഴ്സുകൾക്കുള്ള ഒമ്പത് ശതമാനം സംവരണം 27 ശതമാനമായെങ്കിലും വർദ്ധിപ്പിക്കണം. പി.ജി സീറ്റുകളുടെ എണ്ണം കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ കുറവാണ്. കൂടുതൽ പി.ജി സീറ്റുകൾ അനുവദിച്ചാൽ കൂടുതൽ പേർക്ക് പഠിക്കാൻ അവസരമൊരുങ്ങും. സൗകര്യങ്ങളുള്ള കോളേജുകളിലെങ്കിലും സീറ്റുകൾ വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകണം. പി.ജിയും സ്പെഷ്യലൈസേഷനും അനിവാര്യമായ കാലഘട്ടത്തിൽ സീറ്റുകൾ വർദ്ധിപ്പിക്കുക പ്രധാനമാണ്.

'വൈകി ലഭിച്ചതാണെങ്കിലും സംവരണം പിന്നാക്കവിഭാഗങ്ങൾക്ക് ഗുണകരമാണ്. കേന്ദ്രം നൽകുന്ന 27 ശതമാനം സംവരണം പി.ജി കോഴ്സുകളിൽ സംസ്ഥാന വിഹിതത്തിൽ സർക്കാർ നൽകണം".

- വി.ആർ. ജോഷി, മുൻ ഡയറക്‌ടർ പിന്നാക്ക വിഭാഗ വികസന വകുപ്പ്

Advertisement
Advertisement