ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: വൈദികനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
ആലുവ: വൈദികൻ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ഡിവൈ.എസ്.പി വി. രാജീവിന്റെ നേതൃത്വത്തിൽ തുടരന്വേഷണം നടത്തും. ഇത് സംബന്ധിച്ച് ഇന്നലെ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിറങ്ങിയതോടെ അന്വേഷണ ചുമതലയുണ്ടായിരുന്ന എടത്തല സി.ഐ പി.ജെ. നോബിൾ കേസ് ഫയൽ ക്രൈംബ്രാഞ്ചിന് കൈമാറി.
കേസിൽ പ്രതിയായ മരട് സെന്റ് മേരീസ് മദ്ലേനിയൻ ദേവാലയത്തിലെ സഹവികാരി വരാപ്പുഴ സ്വദേശി ഫാ. സിബി വർഗീസ് (33) ഒളിവിലാണ്. പ്രതി ഒരു യുവതിയുമായി ഏറെക്കാലമായി അടുപ്പത്തിലായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചു. കുഴിവേലിപ്പടിയിൽ പ്രതിമാസം 8,500 രൂപ വാടകയുള്ള വീട്ടിൽ എട്ട് മാസത്തോളം യുവതിയെ പാർപ്പിച്ചിരുന്നു. പ്രതി ഇവിടെയെത്തുമ്പോൾ പാന്റും ഷർട്ടും ധരിക്കുന്നതിനാൽ കെട്ടിട ഉടമയ്ക്കും അയൽവാസികൾക്കും ഇയാൾ വൈദികനാണെന്ന് അറിയില്ലായിരുന്നു.
ഒരാഴ്ച്ച മുമ്പും വൈദികൻ ഇവിടെയെത്തിയിരുന്നതായി പറയുന്നു. ഇയാൾ ഒളിവിൽ പോയതോടെ യുവതിയും വീടൊഴിഞ്ഞു. നാലു വയസുകാരിയെ രണ്ട് തവണ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് അമ്മ നൽകിയ രഹസ്യ മൊഴിയെ തുടർന്ന് കോടതി നിർദ്ദേശപ്രകാരമാണ് എടത്തല പൊലീസ് കേസെടുത്തത്.