അസാം മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് മിസോറാം, അതിർത്തി തർക്കം കൈവിട്ടുപോകുന്നു

Saturday 31 July 2021 9:49 AM IST

ഗുവാഹത്തി: സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായിരിക്കുന്ന അസാം - മിസോറാം അതിർത്തിയിൽ ഇന്നലെ നടന്ന സംഘ‌ർഷത്തിന്റെ തുടർച്ചയായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ സർമ്മയ്‌ക്കും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്ത് മിസോറാം പൊലീസ്. വധശ്രമത്തിന് ഉൾപ്പെടെയാണ് കേസെടുത്തിട്ടുള്ളത്. ഇന്നലെ നടന്ന സംഘ‌ഷത്തിൽ ആറ് അസാം പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അസാമുമായി അതിർത്തി പങ്കിടുന്ന മിസോറാമിലെ കൊലാസിബ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.

മുഖ്യമന്ത്രിയെ കൂടാതെ അസാം ഇൻസ്പെക്ടർ ജനറൽ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, പൊലീസ് സൂപ്രണ്ട്, കച്ചാർ ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണർ എന്നിവരെയും കണ്ടാൽ തിരിച്ചറിയുന്ന 200 ലധികം പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും മിസോറാം കേസെടുത്തിട്ടുണ്ട്. തെളിവെടുപ്പിനായി ഇവരോട് നാളെ കൊലാസിബ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ സംഭവുമായി ബന്ധപ്പെട്ട് ഏതാനും മിസോറാം പൊലീസ് ഉദ്യോഗസ്ഥർക്ക് അസാം പൊലീസ് സമൻസ് അയച്ചി‌രുന്നു. അതിന്റെ പ്രതികരണമായിട്ടാകണം അസാം മുഖ്യമന്ത്രിയെ വരെ പ്രതിചേർത്ത് മിസോറാം കേസെടുത്തതെന്ന് കരുതുന്നു. വർഷങ്ങളായി അസാമും മിസോറാമുമായി അതിർത്തി തർക്കം നിലവിലുണ്ടെങ്കിലും കഴിഞ്ഞ ആഴ്ചയാണ് ഇത്രയും രൂക്ഷമായ സംഘർഷത്തിലേക്ക് ഇത് വച്ചത്. ഇരുപക്ഷത്തു നിന്നുംനിരവധി തവണ വെടിവയ്പ്പ് അടക്കം നടന്നിരുന്നു.