കൊവിഡ് കേസുകൾ കുറയുന്നു, പൊതുപരിപാടികളിൽ 400 പേർക്ക് വരെ പങ്കെടുക്കാൻ അനുമതി നൽകി ഗുജറാത്ത്, കടകൾ രാത്രി 10 മണി വരെ തുറക്കാം

Saturday 31 July 2021 11:33 AM IST

അഹമദാബാദ്: കൊവിഡ് കേസുകൾ കുറയാൻ തുടങ്ങിയതിനെ തുടർന്ന് ഗുജറാത്തിൽ വൻ ഇളവുകൾ നൽകി സർക്കാർ. മുഖ്യമന്ത്രി വിജയ് രുപാനി അദ്ധ്യക്ഷനായ കോർ കമ്മിറ്റിയാണ് സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ തീരുമാനിച്ചത്. രാത്രി 10 മുതൽ 6 വരെയുള്ള കർഫ്യൂ സമയം ഒരു മണിക്കൂർ കുറച്ച് രാത്രി 11 മുതൽ വെളുപ്പിന് 6 വരെ ആക്കിയിട്ടുണ്ട്. അഹമ്മദാബാദ്, വഡോദര, സൂറത്ത് ഉൾപ്പെടെ എട്ട് ജില്ലകളിലാണ് രാത്രി കർഫ്യൂ നിലവിലുണ്ടായിരുന്നത്. നാളെ മുതലാണ് കർഫ്യൂ നിയന്ത്രണങ്ങളിൽ പരിഷ്കാരം വരുന്നത്.

ഇതു കൂടാതെ പൊതുപരിപാടികളിൽ പങ്കെടുക്കാൻ സാധിക്കുന്നവരുടെ എണ്ണം 400 ആയി ഉയർ‌ത്തിയിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിലാണ് 400 പേർക്ക് പങ്കെടുക്കാൻ സാധിക്കുക. കൂടാതെ ഹോട്ടലുകൾക്ക് രാത്രി 10 മണി വരെ പ്രവർത്തിക്കാനുള്ള അനുവാദവും നൽകിയിട്ടുണ്ട്. അടച്ചിട്ട ഹാളുകളിൽ നടത്തുന്ന പരിപാടികൾക്ക് സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം വരെ ആളുകളെ പങ്കെടുപ്പിക്കാനുള്ള അനുവാദവും സംസ്ഥാനം നൽകിയിട്ടുണ്ട്. കൂടാതെ അടുത്ത് നടക്കുന്ന ഗണേശോത്സവത്തിൽ നാല് അടി വരെയുള്ള പ്രതിമകൾ ഉണ്ടാക്കാനുള്ള അനുവാദവും നൽകിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിൽ 21 കൊവിഡ് കേസുകൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 8,24,850 കൊവിഡ് രോഗികളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. കഴിഞ്ഞ 12 ദിവസമായി സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.