'ഇനി ഒരു പാർട്ടിയിലേക്കുമില്ല'; ലോക്‌സഭ എംപിസ്ഥാനവും ബിജെപി അംഗത്വവും രാജിവച്ച് ബാബുൽ സുപ്രിയോ

Saturday 31 July 2021 5:55 PM IST

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിൽ കേന്ദ്രമന്ത്രി സഭയിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ ലോക്‌സഭാംഗത്വവും ബിജെപി പാർട്ടി അംഗത്വവും ഉപേക്ഷിച്ച് ബാബുൽ സുപ്രിയോ. കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രിയായിരുന്ന സുപ്രിയോയെ കഴിഞ്ഞമാസം നടന്ന മന്ത്രിസഭാ പുനസംഘടനയിലാണ് ഒഴിവാക്കിയത്.

സ്ഥാനം നഷ്‌ടമായതിൽ അതൃപ്‌തിയുണ്ടായിരുന്ന സുപ്രിയോ ഫേസ്‌ബുക്കിലൂടെ താൻ സജീവ രാഷ്‌ട്രീയം ഉപേക്ഷിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. ജനസേവനത്തിന് പാർട്ടി ആവശ്യമില്ലെന്നും ഒരു പാർട്ടിയും തന്റെ പിന്നാലെ വരേണ്ടെന്നും അദ്ദേഹം കുറിച്ചു. 'ഗുഡ്‌ബൈ' എന്ന് സൂചിപ്പിച്ച് ഫേസ്ബുക്കിലിട്ട ദീർഘമായ കുറിപ്പിൽ അച്ഛൻ, അമ്മ, ഭാര്യ, മകൾ, രണ്ട് സുഹൃത്തുക്കൾ ഇവർ പറഞ്ഞത് കേട്ടതായും തന്റെ തീരുമാനമെടുത്തതായും സുപ്രിയോ പറയുന്നു.

ബിജെപി അദ്ധ്യക്ഷൻ ജെ.പി നഡ്‌ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുതലായവരെയെല്ലാം നന്ദിയോടെ പരാമർശിക്കുന്നുണ്ട് കുറിപ്പിൽ. 2014ൽ പശ്ചിമബംഗാളിലെ അസനോളിൽ നിന്നാണ് ബാബുൽ സുപ്രിയോ ആദ്യമായി ലോക്‌സഭയിലെത്തിയത്. 2019ലും വിജയം ആവ‌ർത്തിച്ചു. ആദ്യ വരവിൽ തന്നെ കേന്ദ്രമന്ത്രി പദവി അദ്ദേഹത്തിന് ലഭിച്ചു.ഗ്രാമവികസന വകുപ്പാണ് അന്ന് ലഭിച്ചത്.

Advertisement
Advertisement