അന്യഗ്രഹരഹസ്യങ്ങൾ കണ്ടെത്താൻ പടച്ചട്ടയണിച്ച് ലൂസിയെത്തുന്നു

Sunday 01 August 2021 12:00 AM IST

വാഷിംഗ്ടൺ: വ്യാഴത്തിന്റെ മുന്നിലും പിന്നിലുമായുള്ള ഛിന്നഗ്രഹങ്ങളുടെ കൂട്ടമായ ട്രോജൻ അസ്‌ട്രോയിഡിന്റെ (വ്യാഴത്തിന്റെ കുഞ്ഞുങ്ങൾ) രഹസ്യങ്ങൾ കണ്ടെത്താൻ അവളെത്തുന്നു,,ലൂസി!. ഒക്ടോബർ 26ന് ഫ്‌ളോറിഡയിൽ നിന്നും അറ്റ്‌ലസ് വി റോക്കറ്റിൽ ആൽബർട്ട് ഐൻസ്റ്റീൻ അടക്കമുള്ളവരുടെ വാചകങ്ങൾ ആലേഖനം ചെയ്ത പുറംചട്ടയോടെ അന്യഗ്രഹങ്ങളുടെ ഗൂഢരഹസ്യങ്ങൾ കണ്ടെത്താൻ ലൂസി (ലൂസി സ്പേസ്ക്രാഫ്റ്റ്) പുറപ്പെടും. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ ജനനത്തിനിടെയാണ് ഈ ഛിന്നഗ്രഹങ്ങളും ജനിച്ചതെന്നാണ് വിവരം. ലൂസി ആറ് തവണ സൂര്യനെ വലം വയ്ക്കും. പിന്നീട് ഭൂമിയുടെ ഭ്രമണപഥത്തിനും ട്രോജൻ ഛിന്നഗ്രഹങ്ങൾക്കുമിടയിൽ വര്‍ഷങ്ങളോളം ചലിച്ചുകൊണ്ടിരിക്കും.

@ ദേ ഇതാണ് ലൂസി

100 കോടി ഡോളറാണ് ലൂസിയുടെ ആകെ ചെലവ്. 1974ൽ ഇത്യോപ്യയിലെ അഫാറിൽ നിന്ന് ലഭിച്ച 32 ലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യ ഫോസിലിന്റ പേരാണ് ലൂസി. നരവംശശാസ്ത്രജ്ഞനായ ഡൊണാൾഡ് ജൊവാൻസനാണ് ഈ ഫോസിൽ കണ്ടെത്തിയത്. കണ്ടെത്തലിന്റെ തലേദിവസം ബീറ്റിൽസിന്റെ ലൂസി ഇൻ ദ സ്‌കൈ വിത്ത് ഡയമണ്ട്‌സ് എന്ന പാട്ട് കേട്ടായിരുന്നു അദ്ദേഹം കിടന്നത്. അക്കാരണം കൊണ്ടാണ് ജൊവാൻസൻ ഫോസിലിന് ലൂസി എന്ന് പേരിട്ടത്.

@ ലൂസിയുടെ പടച്ചട്ട

@ നാസയുടെ പയനീർ 10, 11 ദൗത്യങ്ങളെ പോലെ ലോഹച്ചട്ട

@ വോയേജർ 1ലും വോയേജർ 2ലും ഉള്ള സുവർണ ഫലകങ്ങൾ പോലെ ഭൂമിയേയും മനുഷ്യരേയും കുറിച്ചുള്ള സൂചകങ്ങളാകും ലോഹച്ചട്ടയിൽ ഉണ്ടാവുക

@ ആൽബർട്ട് ഐൻസ്റ്റീൻ, കാൾ സാഗൻ, മാർട്ടിൻ ലൂതർകിംഗ് ജൂനിയർ, ബീറ്റിൽസ് സംഘാംഗങ്ങളുടേയും വാക്കുകൾ ലോഹച്ചട്ടയിൽആലേഖനം ചെയ്തിട്ടുണ്ടാവും.

@ വിക്ഷേപണം നിശ്ചയിച്ച ദിവസത്തെ സൗരയൂഥത്തിന്റെ ചിത്രവും ലൂസിയുടെ യാത്രാപഥവുമെല്ലാം വരച്ചു ചേർക്കും.

Advertisement
Advertisement