179 പേർക്ക് കൊവിഡ് വാക്സിൻ ആരോഗ്യപ്രശ്നങ്ങൾ, ഒരു മരണം

Sunday 01 August 2021 12:42 AM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചവരിൽ 179 പേർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായെന്നും മഹാരാഷ്‌ട്രയിൽ ഒരാൾ മരിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു. പ്രതിരോധ കുത്തിവയ്പ്പിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് വിലയിരുത്തുന്ന ദേശീയ തലത്തിലുളള കമ്മി​റ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

മഹാരാഷ്‌ട്രയിൽ അലർജിയെ തുടർന്നാണ് മരണം സംഭവിച്ചത്. വാക്സിൻ ഉൾപ്പെടെ ഏത് മരുന്നു നൽകിയാലും ഉണ്ടാകാവുന്ന അലർജിയാണ് മരണത്തിന് ഇടയാക്കിയതെന്ന് മന്ത്രി അറിയിച്ചു. ഇന്ത്യയിൽ വികസിപ്പിച്ച കൊവാക്സിന് വാക്സിൻ അന്താരാഷ്‌ട്ര എമർജൻസി യൂസ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ ആവശ്യമായ രേഖകൾ നിർമ്മാതാക്കളായ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. വിദേശ യാത്രകൾ വാക്സിനേഷൻ സർട്ടിഫിക്ക​റ്റുമായി ബന്ധപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. വാക്സിൻ എടുത്തവരുടെ വിദേശയാത്രയ്ക്കായി രാജ്യാന്തര തലത്തിൽ ഒരു പ്രോട്ടോക്കോൾ നിശ്ചയിച്ചിട്ടില്ല. മിക്കവാറും രാജ്യങ്ങൾ കൊവിഡ് നെഗ​റ്റീവ് സർട്ടിഫിക്ക​റ്റുകളും കൊവിഡ് പ്രോട്ടോക്കോളും കണക്കിലെടുത്താണ് യാത്രാനുമതി നൽകുന്നത്.

വാക്സിനേഷൻ സർട്ടിഫിക്ക​റ്റിന്റെ അടിസ്ഥാനത്തിൽ രാജ്യാന്തര യാത്രയ്ക്കായി ഒരു പ്രോട്ടോക്കോൾ രൂപീകരിക്കാൻ രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

Advertisement
Advertisement