അന്ന് ആ പ്രളയദിനത്തിൽ ജയറാം... ഓർമ്മിക്കാൻ പൊലീസ് ആതിഥ്യം

Saturday 31 July 2021 10:34 PM IST

പാലക്കാട്: 'നന്ദി, സർക്കാരിനോട്. പിന്നെ പൊലീസിനോടും. മൂന്ന് വർഷം മുമ്പുള്ള പ്രളയത്തിൽ കുതിരാനിൽ കുടുങ്ങിയ എന്നെയും കുടുംബത്തെയും രക്ഷിക്കുകയും മൂന്ന് ദിവസം ഊട്ടുകയും ചെയ്തവരാണവർ.' മണിരത്‌നം സിനിമയുടെ സെറ്റിൽ സന്തോഷവാനെങ്കിലും ഒരു നെടുവീർപ്പോടെയല്ലാതെ ഇത് പറയാൻ ഇപ്പോഴും നടൻ ജയറാമിനാകുന്നില്ല.
2018 ആഗസ്റ്റിലുണ്ടായ പ്രളയത്തിനിടെ മണ്ണിടിഞ്ഞും മരം വീണും കുതിരാനിൽ ഗതാഗതം നിലച്ചപ്പോൾ ഇരുമ്പുപാലത്തിനും കുതിരാൻ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിനും ഇടയിൽ കുടുങ്ങിയവരിൽ ജയറാമും ഉണ്ടായിരുന്നു. കൂടെ ഭാര്യ പാർവതിയും മകൾ മാളവികയും.


ജയറാമും കുടുംബവും സഞ്ചരിച്ച പ്രഡോ കാറിന് മുമ്പിൽ ഇരുപതോളവും പിന്നിൽ 40ലേറെയും വാഹനങ്ങൾ. പുലർച്ചെ മൂന്ന് മുതൽ നിറുത്തിയിട്ട വാഹനങ്ങളിലെ പലരും പ്രാണരക്ഷാർത്ഥം നടന്നുനീങ്ങി. രക്ഷാപ്രവർത്തനം നീളുന്നത് കണ്ട ലോറിക്കാരിൽ ചിലർ സ്റ്റൗ കത്തിച്ച് പാചകത്തിനൊരുങ്ങി. ചെന്നൈയിൽ നിന്ന് പെരുമ്പാവൂരിലെ ഫാം ഹൗസിൽ അതിരാവിലെയെത്താമെന്ന ധാരണയിൽ ആവശ്യത്തിന് കുടിവെള്ളം പോലും കരുതിയിരുന്നില്ല. പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനായില്ല. ഭാര്യയെയും മകളെയും കാറിലിരുത്തി പുറത്തിറങ്ങാനും ജയറാമിന് തോന്നിയില്ല. അങ്ങനെയാണ് ഐ.ജി എം.ആർ. അജിത്ത് കുമാറിനെ വിളിച്ചത്.


പിന്നീട് പൊലീസിന്റെ ഇടപെടൽ ദൈവതുല്യമായിരുന്നുവെന്ന് ജയറാം പറയുന്നു. ഐ.ജി അജിത്ത് കുമാർ, ഉടൻ കേരള പൊലീസ് അക്കാഡമി ഡി.ഐ.ജി അനൂപ് കുരുവിളയെ വിളിച്ച് കാര്യങ്ങൾ ദ്രുതഗതിയിലാക്കി. അക്കാഡമിയിലെ എസ്.ഐ ജോസ് ജോണിനെയും സംഘത്തെയുമാണ് താരകുടുംബത്തെ കുതിരാനിൽ നിന്നും കടത്താൻ ചുമതലപ്പെടുത്തിയത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അക്കാഡമിയിലെ ഓഫീസേഴ്‌സ് ഗസ്റ്റ് ഹൗസിലെത്തിച്ചു.

ഇതിനിടെ എട്ട് മണിക്കൂറോളം കുതിരാനിലെ കുരുക്കിൽ കുടുങ്ങിയിരുന്നു. ഗസ്റ്റ് ഹൗസിൽ ജയറാമും പാർവതിയും മകളും താമസിക്കുന്നത് രഹസ്യമായിരിക്കണമെന്ന് ഐ.ജിയുടെ നിർദ്ദേശമുണ്ടായിരുന്നു. ഫോട്ടോയെടുക്കാനും വിശേഷം അന്വേഷിക്കാനുമെത്തി ശല്യമാകരുതെന്ന് കരുതിയായിരുന്നു അത്. ഗാർഹിക വിഭവങ്ങളാണ് താത്പര്യം എന്നറിഞ്ഞ് അക്കാഡമിയിലെ പാചകക്കാരനായ കെ.വി. ശശിധരൻ അതും ഒരുക്കിനൽകി. പ്രളയം മൂലം ചാലക്കുടിയിലും കാലടിയിലും റോഡ് മുങ്ങിയതിനാൽ ആഗസ്റ്റ് 15ന് ഉച്ചയ്‌ക്കെത്തിയ കുടുംബം 17ന് വൈകിട്ട് നാലോടെയാണ് മടങ്ങിയത്.
തിരികെ പോകുമ്പോഴും എസ്.ഐ ജോസ് ജോൺ മണ്ണുത്തി വരെ അനുഗമിച്ചു.

പോകുന്നതിന് മുമ്പ് നന്ദി പറയാനും സന്ദർശക ഡയറിയിൽ നല്ലവാക്ക് കുറിക്കാനും ജയറാമും കുടുംബവും മറന്നില്ല. പിന്നീട് പെരുമ്പാവൂരിലെ ഫാം ഹൗസിലെത്തിയെന്ന് വിളിച്ചറിയിച്ചതായും ജോസ് ജോൺ പറയുന്നു. ഡെപ്യൂട്ടേഷനിൽ സംസ്ഥാന ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ എസ്.ഐയായി ഇൻഫോ പാർക്കിന്റെ സെക്യൂരിറ്റി ചുമതല വഹിക്കുകയാണ് ഇപ്പോൾ ജോസ് ജോൺ. കുതിരാൻ തുരങ്കം പൂർത്തിയാകുന്നുവെന്ന് കേൾക്കുമ്പോൾ തിരക്കിനിടയിലും ജയറാമിന് പറയാനുള്ളതിങ്ങനെ... 'ഈ നിമിഷം സന്തോഷവും അഭിമാനവും തോന്നുന്നു. മറക്കാനാഗ്രഹിക്കുന്ന ജീവിതത്തിലെ നിമിഷം ഇന്നും ഓർത്തിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ മനുഷ്യസ്‌നേഹം കൊണ്ട് മാത്രമാണ്.'

Advertisement
Advertisement