പ്രവാസിക്ക് നേരെ ബോംബേറ്: കഞ്ചാവ് മാഫിയയെന്ന് പൊലീസ്

Sunday 01 August 2021 12:00 AM IST

മലയിൻകീഴ്: മാറനല്ലൂരിൽ പ്രവാസിയും ഡി.വൈ.ഐ പ്രവർത്തകനുമായ യുവാവിന് നേരെ ബോംബേറ്. ബോംബ് പൊട്ടാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. വീടിന് മുന്നിൽ ബൈക്കിലിരുന്ന് മൊബൈൽ കാണുകയായിരുന്ന റസൽപുരം തേവരക്കോട് പ്രബിൻ ഭവനിൽ പ്രബിന്(26) നേരെയാണ് ആക്രമണമുണ്ടായത്. എറിഞ്ഞത് നാടൻ ബോംബാണെന്ന് ബോംബ് സ്ക്വാഡ് സ്ഥിരീകരിച്ചു.

ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബറിഞ്ഞതെന്ന് പ്രബിൻ മാറനല്ലൂർ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. അടുത്തിടെ പ്രബിനും പ്രദേശത്തെ കഞ്ചാവ് മാഫിയയുമായി ബന്ധമുള്ള ചില യുവാക്കളുമായി വാക്ക് തർക്കം നടന്നിരുന്നു. അതാകാം ബോബേറിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രബിൻ നൽകിയ മൊഴിയിലും കഞ്ചാവ് സംഘമാണെന്നുണ്ട്.

വിദേശത്ത് സ്വകാര്യ കമ്പനിയുടെ കപ്പലിൽ കുക്കായി പ്രവർത്തിക്കുന്ന പ്രബിൻ കൊവിഡ് ആയതിനാൽ കഴിഞ്ഞ ഒരുവർഷമായി നാട്ടിലുണ്ട്. ഡി.വൈ.എഫ്.ഐയിൽ സജീവ പ്രവർത്തകനായിരുന്നു പ്രബിൻ.

ആക്രമണത്തിന് പിന്നിലുള്ളവരെ പൊലീസ് അടിയന്തരമായി പിടികൂടണമെന്ന് സി.പി.എം ഊരൂട്ടമ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്. പ്രഷീദ് ആവശ്യപ്പെട്ടു. കാട്ടാക്കട ഡിവൈ.എസ്.പി ബി. പ്രശാന്തിന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. ബോംബ് സ്ക്വാഡ് സ്ഥലത്ത് നിന്ന് നാടൻ ബോബ് മാറ്റി നിർവീര്യമാക്കി.