ജ്യേഷ്ഠനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ പിടിയിൽ
Sunday 01 August 2021 2:13 AM IST
തിരുവനന്തപുരം: വിഴിഞ്ഞത്ത് ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനെ പൊലീസ് പിടികൂടി. വിഴിഞ്ഞം നെല്ലിമൂട്ടുവിളയിൽ ജോയിയെയാണ് (35) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 8.30നാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന നെല്ലിമൂട്ടുവിള സ്വദേശി ജോൺ പോളിനെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന അനുജൻ ജോയി തടികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപിച്ചു. തുടർന്ന് വീട്ടുമുറ്റത്ത് ഇരുന്ന സാധനങ്ങളും അടിച്ചു തകർത്തു. കുടുംബവഴക്കിനെ തുടർന്നുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐമാരായ സമ്പത്ത്, വിനോദ്, അജിത്, സതികുമാർ, സി.പി.ഒമാരായ കൃഷ്ണകുമാർ, അജികുമാർ, സജൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.