മദ്യവിൽപ്പനശാലയും സമീപനവും
സംസ്ഥാനത്തിന്റെ ഏറ്റവും വലിയ വരുമാനങ്ങളിലൊന്ന് വരുന്നത് മദ്യവില്പനയിലൂടെയാണ്. ലോകത്തെങ്ങും ഇല്ലാത്ത നികുതിയാണ് മദ്യത്തിന് ചുമത്തിയിരിക്കുന്നത്. അറുപതും എഴുപതും രൂപ മാത്രം വിലയുള്ള സാധനം അഞ്ഞൂറും അറുനൂറും രൂപ നൽകിയാണ് ആളുകൾ വാങ്ങിക്കൊണ്ട് പോകുന്നത്.
സർക്കാർ മാത്രമാണ് ഈ രംഗത്ത് ആകെയുള്ള വില്‌പനക്കാരൻ. സർക്കാരിന് ഇഷ്ടമുള്ള വില നിശ്ചയിക്കാം, വിൽക്കാം. യാതൊരു തടസവുമില്ല. ബിവറേജസ് കോർപ്പറേഷന്റെ ഔട്ട‌്‌ലെറ്റുകൾ വഴിയാണ് സർക്കാർ വില്പന നടത്തുന്നത്. ഏതാണ്ട് മുന്നൂറോളം ഔട്ട്‌ലെറ്റുകളാണ് കേരളത്തിലുള്ളത്. ഇതിൽ ഭൂരിപക്ഷവും കണ്ടാൽ അറപ്പു തോന്നുംവിധം അപരിഷ്‌കൃതമാണ്. ലാഭമെല്ലാം വാങ്ങി സർക്കാർ പെട്ടിയിലിടുന്നതല്ലാതെ വില്പനശാലകൾ കാലത്തിനൊത്ത് മാറ്റാനോ നവീകരിക്കാനോ നയാപൈസ ചെലവാക്കില്ല. മദ്യം വിൽക്കുന്ന സ്ഥലം മാന്യമല്ലാത്തതായിരിക്കണം എന്ന ഒരുതരം വാശി കോർപ്പറേഷനുണ്ടോ എന്നുപോലും പല വില്പനശാലകളുടെയും ശോചനീയമായ അവസ്ഥ കണ്ടാൽ തോന്നും. ആവശ്യക്കാരെ ക്യൂ നിറുത്തി വലയ്ക്കുന്നതിൽ കോർപ്പറേഷൻ ആനന്ദം അനുഭവിക്കുന്നുണ്ടോയെന്നും സംശയം തോന്നാം. വർഷങ്ങളായുള്ള ഈ സ്ഥിതിക്ക് സർക്കാരായി മാറ്റം വരുത്തില്ലെന്നത് എല്ലാവർക്കുമറിയാം. പൊതുജനങ്ങൾക്ക് ശല്യമാകുന്ന വിധത്തിൽ വില്പനശാലകൾക്ക് മുന്നിലെ തിരക്കും ക്യൂവും നീണ്ടപ്പോഴാണ് ഒരു ഹർജിയിൽ ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.
കേരളത്തിലെ മദ്യവില്പനശാലകളുടെ സമീപത്തു കൂടി സ്ത്രീകൾക്കും കുട്ടികൾക്കും പോകാനാവാത്ത സ്ഥിതിയാണെന്നും മാന്യവും പരിഷ്‌കൃതവുമായ രീതിയിൽ മദ്യം വിറ്റാൽ ഈ സ്ഥിതി ഒഴിവാക്കാനാകുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരിക്കുന്നു.
കള്ളക്കടത്തു സാധനമല്ല വിൽക്കുന്നതെന്നും വേണ്ടത്ര സൗകര്യമില്ലാതെ മദ്യവില്പന നടത്തുന്നതുമൂലം പൊതുനിരത്തിലേക്ക് വരിനിൽക്കൽ നീളുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തേ ഏതുതരം മദ്യം വാങ്ങുന്നതിനും ഒരേ ക്യൂ ആണ് ഉണ്ടായിരുന്നത്. ഇത് വലിയ പരാതിയും പൊതുശല്യവും ആയപ്പോഴാണ് പല വില്പനശാലകളിലും പ്രിമിയം കൗണ്ടറുകൾ വന്നത്. കോടതി പറയാതെ തന്നെ ബിവറേജസ് കോർപ്പറേഷൻ മുൻകൈ എടുത്ത് ഇതൊക്കെ മുൻപേ ചെയ്യേണ്ടതായിരുന്നു. ബാറുകളെ രണ്ടും മൂന്നും തട്ടിലാക്കി പരിഷ്കരിക്കാൻ ധൃതി കാട്ടുന്ന സർക്കാർ ഈ മേഖലയിലേക്ക് തിരിഞ്ഞുനോക്കുക പോലും ചെയ്യില്ല.വില്പനശാലകൾ നവീകരിക്കാനും അവിടത്തെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും കൂടുതൽ വാടക നൽകി നല്ല കെട്ടിടങ്ങൾ എടുക്കാനും ലാഭത്തിന്റെ ഒരു ചെറിയ അംശം ചെലവാക്കിയാൽ മതി. അതൊരിക്കലും ചെയ്യില്ല എന്നതാണല്ലോ ഏതു സർക്കാരിന്റെയും മിടുക്ക്. മദ്യപരുടെ കാര്യമായതിനാൽ അന്യായമാണെങ്കിലും അത് ചൂണ്ടിക്കാണിക്കാൻ ഒരു ജനപ്രതിനിധിയും തയാറാവുകയുമില്ല.
മദ്യവില്‌പനശാലയിലെ തിരക്ക് കുറയ്ക്കാൻ രാവിലെ ഒമ്പതുമണി മുതൽ ബാറുകൾ തുറക്കാൻ നിർദ്ദേശം നൽകിയെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തിരക്ക് കുറയാമെങ്കിലും ഔട്ട്‌ലെറ്റുകളിലെ അസൗകര്യങ്ങളിൽ മാറ്റം വരുന്നില്ല. മദ്യവില്പനശാലകളിൽ കാലോചിതമായ മാറ്റം വരുത്തണമെന്ന് കോടതി നാല് വർഷം മുമ്പേ ഉത്തരവിട്ടിരുന്നതാണ്. മദ്യവില്പന കുത്തകയാക്കി വച്ചിരിക്കുന്ന ബെവ്‌കോ പക്ഷേ ഇതിനായി ഒരു ചെറുവിരൽ പോലും അനക്കിയില്ല. ഹർജിക്കാരൻ നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതി ഇപ്പോൾ പരിഗണിക്കുന്നത്. മദ്യത്തിന് വില കൂട്ടാനല്ലാതെ മറ്റൊന്നും ചെയ്യാനറിഞ്ഞു കൂടാത്ത ഒരു കോർപ്പറേഷനായി ബെവ്‌കോ മാറരുത്. ഇനിയെങ്കിലും മദ്യശാലകളുടെ മിനിമം യോഗ്യതകൾ നിശ്ചയിക്കാൻ നടപടി ഉണ്ടാകണം.