സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള ബോധവത്കരണത്തിന് തുടക്കമായി

Sunday 01 August 2021 2:36 AM IST

തിരുവനന്തപുരം: ഓൺലൈൻ പണം തട്ടിപ്പും മറ്റ് സൈബർ കുറ്റകൃത്യങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സൈബർ ഇടങ്ങളിലെ ചതിക്കുഴികളിൽപ്പെട്ട് വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി സിറ്റി പൊലീസ് സംഘടിപ്പിക്കുന്ന സൈബർ ക്രൈം ബോധവത്കരണ മാസാചരണത്തിന് തുടക്കമായെന്ന് കമ്മീഷണർ അറിയിച്ചു.
സൈബർ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ഒ.ടി.പി, സി.വി.വി പോലുള്ള അതീവ സെക്യൂരിറ്റി കോഡുകൾ പോലും തട്ടിപ്പുകാർ കൈവശമാക്കുന്നത് നമ്മുടെ അറിവില്ലായ്മയും അശ്രദ്ധയും കൊണ്ട് മാത്രമാണ്. അതിനാൽ ഇത്തരം ചതിക്കുഴികൾ മനസിലാക്കുന്നതിനും അത് എങ്ങനെ ഒഴിവാക്കാം തുടങ്ങിയ കാര്യങ്ങളിൽ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് ആഗസ്റ്റ് മാസം സൈബർ ക്രൈം ബോധവത്കരണ മാസമായി ആചരിക്കുന്നത്.

Advertisement
Advertisement