നിയമങ്ങൾ കർശനമാക്കി കുവൈറ്റ്, രണ്ടുവർഷം മുമ്പ് രാജ്യം വിട്ടവർക്ക് പ്രവേശന വിലക്ക്

Sunday 01 August 2021 11:13 AM IST

കുവൈറ്റ്സിറ്റി: രാജ്യത്തെ ഇഖാമ നിയമങ്ങൾ കുവൈറ്റ് കർശനമാക്കി. ഇതനുസരിച്ച് 2019 ഓഗസ്റ്റ് 31നു മുൻപ് രാജ്യം വിട്ടവർക്ക് സാധുതയുള്ള ഇഖാമ ഉണ്ടെങ്കിലും പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു ആറുമാസം രാജ്യത്തിന് പുറത്തുനിന്നാൽ ഇഖാമ റദ്ദാകും എന്നതാണ് കുവൈറ്റിലെ നിയമം. എന്നാൽ കൊവിഡ് സാഹചര്യം പരിഗണിച്ച് ഇതിന് ഇളവുനൽകിയിരുന്നു. 2019 ആഗസ്റ്റ് 31 മുതൽ രാജ്യത്തില്ലാത്തവർക്ക് ഇനി ഈ ഇളവുനൽകേണ്ടെന്നാണ് തീരുമാനം. എന്നാൽ 2019 സെപ്തംബർ ഒന്നിനു ശേഷം പുറത്തുപോയവർക്ക് ഇളവു തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇന്നുമുതൽ വിമാനത്താവളങ്ങൾ തുറക്കുമെങ്കിലും ഇന്ത്യക്കാരെ നേരിട്ട് കുവൈറ്റിൽ പ്രവേശിക്കാൻ അനുവദിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. കൂടിയ ശരീരോഷ്മാവ്, ജലദോഷം, ചുമ, തുമ്മൽ എന്നിവയുള്ളവർക്കു പ്രവേശനം വിലക്കിയിട്ടുണ്ട്. രാജ്യാന്തര വിമാനത്തിൽ വിസ ഓൺ അറൈവൽ സംവിധാനവും ഉണ്ടാകില്ല. പുതിയ നിർദ്ദേശങ്ങൾ നാളെമുതൽ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു.