വിവാഹം കഴിക്കണം, ജാമ്യം അനുവദിക്കണം; ഇരയ്ക്ക് പിന്നാലെ പ്രതിയായ മുൻ വൈദികനും സുപ്രീം കോടതിയെ സമീപിച്ചു

Sunday 01 August 2021 11:52 AM IST

ന്യൂഡൽഹി: ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊട്ടിയൂർ പീഡനക്കേസിലെ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചു. റോബിൻ വടക്കുംചേരിയുടെ ഹർജി തിങ്കളാഴ്ച ജസ്റ്റിസ്മാരായ വിനീത് ശരൺ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.

റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി ഇര കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. നാലുവയസുകാരനായ തങ്ങളുടെ മകനെ സ്‌കൂളിൽ ചേർക്കുമ്പോൾ പിതാവിന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി നൽകിയത്.

വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വികാരിയായിരിക്കെ 2016ലാണ് പെൺകുട്ടിയെ റോബിൻ പീഡിപ്പിച്ചത്. പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.