ശ്രുതിയുടെ മരണം കൊലപാതകം, ഭർത്താവ് തീകൊളുത്തിയത് കുഞ്ഞുങ്ങളുടെ കൺമുന്നിൽ വച്ച്

Sunday 01 August 2021 2:23 PM IST

പാലക്കാട്: വടക്കഞ്ചേരി സ്വദേശിനി ശ്രുതിയെ ഭർത്താവ് തീകൊളുത്തി ക്രൂരമായി കൊന്നതാണെന്ന് തെളിഞ്ഞു. ശ്രുതിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. പരസ്ത്രീ ബന്ധം ചോദ്യംചെയ്തതിന് ഭർത്താവ് ശ്രീജിത്ത് മക്കളുടെ മുന്നിൽവച്ച് ഭാര്യയെ തീകൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ കുട്ടികളുടെ മൊഴിയാണ് കേസിൽ നിർണായകമായത്. ആത്മഹത്യാ പ്രേരണയ്ക്ക് നേരത്തേ അറസ്റ്റിലായ ശ്രീജിത്ത് ഇപ്പോൾ റിമാൻഡിലാണ്.

12 വർഷം മുൻപാണ് ശ്രുതിയും ശ്രീജിത്തും വിവാഹിതരായത്. കഴിഞ്ഞ ജൂൺ പതിനെട്ടിനാണ് ശ്രുതിയെ കിഴക്കഞ്ചേരിയിലെ ശ്രീജിത്തിന്റെ വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇരുപത്തിയൊന്നിന് മരിച്ചു. മകളുടെ മരണത്തിൽ സംശയം ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തെത്തി. ശ്രുതിയെ ഭര്‍ത്താവ് തീ കൊളുത്തിയതായി സംശയമുണ്ടെന്ന് കാണിച്ച് മാതാപിതാക്കള്‍ വടക്കഞ്ചേരി പൊലീസിന് മൊഴിനൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്തും ശ്രുതിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും വഴക്കുകള്‍ പതിവായിരുന്നതായും പൊലീസിന് വ്യക്തമായി. ശ്രീജിത്തിന് മറ്റൊരു സ്ത്രീയുമായുണ്ടായിരുന്ന ബന്ധമാണ് വഴക്കിന് കാരണമെന്നും വ്യക്തമായി. ശ്രുതിക്ക് പൊള്ളലേറ്റ വിവരം കുട്ടികളാണ് അയൽവീട്ടിൽ അറിയിച്ചത്. അച്ഛൻ അമ്മയെ തീകൊളുത്തി എന്നാണ് കുട്ടികൾ പറഞ്ഞത്. ഇതും അന്വേഷണത്തിൽ നിർണായകമാവുകയായിരുന്നു. ചോദ്യം ചെയ്യലിൽ എല്ലാകാര്യവും ശ്രീജിത്ത് സമ്മതിച്ചിട്ടുണ്ട്.