വിഷ്‌ണുവും കുതിരയും

Sunday 01 August 2021 3:36 PM IST

ശാപഫലമായി ലക്ഷ്‌മി ഒരു പെൺകുതിരയായി വനത്തിലെത്തി. സൂര്യദേവന്റെ ഭാര്യയായ സംജ്ഞാദേവി പണ്ട് കുതിരയുടെ രൂപം പൂണ്ട് തപസ് ചെയ്‌തിരുന്ന സ്ഥലത്ത് എത്തിയ ലക്ഷ്‌മി ശിവനെ ധ്യാനിച്ച് തപസ് തുടങ്ങി. കുറേ നാളത്തെ തപസ് കഴിഞ്ഞപ്പോൾ ലക്ഷ്‌മിയുടെ തപസിന്റെ കാര്യം ശിവൻ അറിഞ്ഞു. ലക്ഷ്‌മി ചോദിക്കാൻ സാദ്ധ്യതയുള്ള വരം എന്തായിരിക്കണമെന്ന് ഊഹിക്കാൻ കഴിഞ്ഞ ശിവൻ പാർവതിയേയും കൂട്ടി കുതിരയായി നിൽക്കുന്ന ലക്ഷ്‌മിയുടെ സമീപമെത്തി. ലക്ഷ്‌മിയോട് ചോദിച്ചു: ''ദേവി, ദേവിയുടെ ആവശ്യം എന്താണ്? പരിചരിക്കാൻ ആരെയെങ്കിലും വേണമെങ്കിൽ പാർവതിയെ എത്ര കാലത്തേക്ക് വേണമെങ്കിലും വിട്ടുതരാം.""

ലക്ഷ്‌മി വിഷ്‌ണു തന്നെ ശപിക്കാനുണ്ടായ സാഹചര്യവും ശാപമോക്ഷത്തിന്റെ കാര്യവും വിശദീകരിച്ചു. ലക്ഷ്‌മിയുടെ വിശദീകരണം കേട്ട ശിവൻ ദേവിയുടെ ആവശ്യം ഉടൻ പരിഹരിക്കാമെന്നും കുറച്ചുദിവസം കൂടി തപസ് തുടരാനും ഉപദേശിച്ചിട്ട് പാർവതിയേയും കൂട്ടി യാത്രയായി. കൈലാസത്തിലെത്തിയ ശിവൻ പാർവതിയെ അവിടെയാക്കിയശേഷം വൈകുണ്‌ഠത്തേക്ക് തിരിച്ചു. മഹാവി‌ഷ്‌ണുവിനെ കണ്ട ശിവൻ കാര്യങ്ങൾ പറഞ്ഞുമനസിലാക്കി വിഷയം കൂടുതൽ വഷളാക്കരുതെന്നും ഒരു കുതിരയായി ചെന്ന് ലക്ഷ്‌മിയുടെ ആഗ്രഹം നിറവേറ്റാനും ഉപദേശിച്ചു.

ശിവന്റെ പ്രേരണയിൽ മനസ് മാറിയ വിഷ്‌ണു ഒരു കുതിരയുടെ രൂപം സ്വീകരിച്ച് ലക്ഷ്‌മിയുടെ സമീപമെത്തി. പുതിയ ആൺകുതിരയെകണ്ട് ഇഷ്‌ടമായ പെൺകുതിരയ്‌ക്ക് മനുഷ്യരൂപമുള്ള ഒരു കുഞ്ഞ് ജനിച്ചു. കുഞ്ഞിനെ വനത്തിലുപേക്ഷിച്ച് രണ്ടു കുതിരകളും രണ്ടുവഴിക്ക് പോയി. പുത്രലാഭത്തിനായി വിഷ്‌ണുവിനെ തപസ് ചെയ്യുന്ന ശതജിത്ത് എന്ന രാജാവിനെ കണ്ട് വനത്തിലൊരു അനാഥശിശു കിടക്കുന്നെന്നും അതിനെ കൊണ്ടുപോയി സ്വന്തം പുത്രനെന്നു കരുതി വളർത്താൻ അനുഗ്രഹിച്ചശേഷം വിഷ്‌ണു വൈകുണ്‌ഠത്തിലെത്തി. അന്നേരം ലക്ഷ്‌മിയും വൈകുണ്‌ഠത്തിലെത്തിച്ചേർന്നു. ഇതോടെ വിഷ്‌ണുവിന്റെ ശാപം യാഥാർത്ഥ്യമായി.

ഈ സംഭവത്തിനു ശേഷം കുറേ നാളുകൾ കഴിഞ്ഞ് വിഷ്‌ണുവും ലക്ഷ്‌മിയും കൂടി അടുത്തടുത്തിരുന്ന് ലോകകാര്യങ്ങൾ ചർച്ചചെയ്യുകയായിരുന്നു. ലോകത്ത് നടക്കുന്ന പല കാര്യങ്ങളും സമ്പത്ത് വർദ്ധിപ്പിക്കാനായി ചിലർ കാണിക്കുന്ന ആക്രാന്തവും അത്യാഗ്രഹവും മറ്റും ആലോചിച്ചിരുന്ന വിഷ്‌ണു അറിയാതെ ഒന്നു ചിരിക്കാനിടയായി. അടുത്ത യുദ്ധത്തിനുള്ള കാരണമായി. മറ്റ് ഏതോ സ്ത്രീയെ മനസിൽ കണ്ടിട്ടാണ് ചിരിച്ചതെന്നായി ലക്ഷ്‌മി. വിഷ്‌ണു പലതും പറഞ്ഞ് തന്റെ നിരപരിധിത്വം സ്ഥാപിക്കാൻ നോക്കിയെങ്കിലും അതൊന്നും കേൾക്കാനോ പരിഗണിക്കാനോ ലക്ഷ്‌മി തയ്യാറായില്ല. ഒറ്റശാപമായിരുന്നു മറുപടി. '' നിങ്ങളുടെ തല തെറിച്ചുപോകട്ടെ.""

മറ്റു ദേവന്മാരെ പലപ്പോഴും സമാധാനിപ്പിക്കാറുള്ള വിഷ്‌ണു ഒക്കെ വിധിപോലെ സംഭവിക്കട്ടെ എന്നു വിചാരിച്ച് സമാധാനിച്ചു.

ലക്ഷ്‌മിയുടെ ശാപം കാട്ടുതീ പോലെ ലോകം മുഴുവൻ അറിഞ്ഞു. കൂട്ടത്തിൽ അസുരന്മാരും അറിഞ്ഞു. ഇനി കാത്തിരിക്കേണ്ട കാര്യമില്ല. ഇത് തന്നെയാണ് ഏറ്റവും അനുയോജ്യമായ സമയം. ദേവലോകം മുഴുവൻ ഇപ്പോൾ ചിന്താകുഴപ്പത്തിലായിരിക്കും. എത്രയും വേഗം ദേവലോകം ആക്രമിക്കുക തന്നെ. അസുരന്മാർ സംഘടിച്ച് ദേവലോകം ആക്രമിക്കാനെത്തി. ഇതറിഞ്ഞ വിഷ്‌ണു ലക്ഷ്‌മിയുടെ ശാപത്തിൽ ഭയപ്പെടാതെ തന്റെ വൈഷ്‌ണവ ചാപവുമെടുത്ത് അസുരന്മാരെ നേരിടാനെത്തി. വർഷങ്ങളോളം നീണ്ടുനിന്ന അതിഘോരമായ യുദ്ധത്തിൽ ഒരു വിശ്രമവുമില്ലാതെ വിഷ്‌ണു അസുരന്മാരെ നേരിട്ടു. അനേകം അസുരന്മാരെ വിഷ്‌ണു കാലപുരിക്കയച്ചു. അവശേഷിച്ചവർ ഓടി രക്ഷപ്പെട്ടു. യുദ്ധം അവസാനിച്ചപ്പോൾ ആരുടേയും ശല്യമില്ലാതെ എവിടെയെങ്കിലും സ്വസ്ഥമായി വിശ്രമിക്കണമെന്ന് വിഷ്‌ണു ആഗ്രഹിച്ചു. ഹിമാലയത്തിന്റെ മുകളറ്റത്ത് ആരാലും എത്തിച്ചേരാൻ കഴിയാത്ത ഒരു സ്ഥലത്ത് വിഷണു വിശ്രമിക്കാനെത്തി. കിടക്കാനും ഇരിക്കാനും മുതിരാതെ നിന്നുകൊണ്ട് തന്റെ വില്ലിന്റെ ഒരഗ്രം ഭൂമിയിലും മറ്റേ അഗ്രംതാടിയിലും താങ്ങി വിശ്രമമാരംഭിച്ചു. ക്ഷീണിതനായിരുന്ന വിഷ്‌ണു വളരെ വേഗം ഗാഢനിദ്ര‌യിലായി.

Advertisement
Advertisement